കൊച്ചി: സ്വർണവില കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ സ്വർണപ്പണയ വായ്‌പകളുടെ കാലാവധി വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി ധനകാര്യ സ്ഥാപനങ്ങൾ. നേരത്തേ 270 ദിവസക്കാലാവധിയിൽ വായ്‌പ നൽകിയിരുന്ന ചില സ്ഥാപനങ്ങൾ ഇപ്പോൾ അനുവദിക്കുന്നത് 90 ദിവസമാണ്. ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) വായ്‌പയ്ക്കുള്ള ഈടായി കൂടുതൽ സ്വർണം ചോദിക്കുന്നുമുണ്ട്.
കൊവിഡ് കാലത്ത്, കഴിഞ്ഞ ആഗസ്‌റ്റിൽ 56,000 രൂപയ്ക്കടുത്ത് വരെയെത്തിയ സ്വർണവില (പത്തു ഗ്രാം) ഇപ്പോഴുള്ളത് 44,000 രൂപ നിലവാരത്തിലാണ്. കേരളത്തിൽ 42,000 രൂപവരെ ഉയർന്ന പവൻ വില 33,000 രൂപയ്ക്ക് താഴെയുമെത്തി. ഇതാണ്, കൂടുതൽ ഈടുതേടാനും കാലാവധി വെട്ടിക്കുറയ്ക്കാനും ധനകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്. കൊവിഡ് കാലത്ത്, സാമ്പത്തികാവശ്യം നിറവേറ്റാനായി ഒട്ടേറെപ്പേർ ആശ്രയിച്ചത് സ്വർണപ്പണയ വായ്‌പകളെയാണ്. ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളുടെയും സ്വർണ വായ്‌പകൾ ഇക്കാലയളവിൽ കുതിച്ചുകയറി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനമായ, കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് ഫിനാൻസിന്റെ സ്വർണ വായ്‌പകൾ വർദ്ധിച്ചത് 25 ശതമാനത്തോളമാണ്. 146 ടൺ സ്വർണമാണ് മുത്തൂറ്റ് ഫിനാൻസിന്റെ പക്കലുള്ളത്; സിംഗപ്പൂർ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളുടെ കരുതൽ സ്വർണ ശേഖരത്തേക്കാൾ കൂടുതലാണിത്.
ചില ധനകാര്യ സ്ഥാപനങ്ങൾ സ്വർണപ്പണയത്തിനുള്ള 'ലോൺ ടു വാല്യൂ" (എൽ.ടി.വി) കുറച്ചിട്ടുമുണ്ട്. ഈടുവയ്ക്കുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെയായിരുന്നു നേരത്തേ എൽ.ടി.വി. അതായത്, സ്വർണവിലയുടെ പരമാവധി 75 ശതമാനം വരെ മാത്രമേ വായ്‌പ കിട്ടുമായിരുന്നുള്ളൂ. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 31 വരെ വിതരണം ചെയ്യുന്ന വായ്‌പകൾക്ക് ഇത് റിസർവ് ബാങ്ക് 90 ശതമാനം വരെയായി ഉയർത്തിയിരുന്നു. എന്നാൽ, ചില സ്ഥാപനങ്ങൾ ഇപ്പോൾ സ്വർണവിലയിടിവ് കണക്കിലെടുത്ത്, 75 ശതമാനത്തിനും താഴെ തുകയാണ് അനുവദിക്കുന്നത്.
₹4.6 ലക്ഷം കോടി
ഇന്ത്യയിലെ സ്വർണപ്പണയ വായ്‌പാമൂല്യം 2022 മാർച്ചോടെ 34 ശതമാനം വർദ്ധിച്ച് 4.6 ലക്ഷം കോടി രൂപയിൽ എത്തുമെന്നാണ് വിലയിരുത്തലുകൾ. ഈ മേഖലയുടെ കിട്ടാക്കട അനുപാതം ഒരു ശതമാനമാണ്. സ്വർണാഭരണങ്ങളോട് ഉപഭോക്താക്കൾക്കുള്ള വൈകാരിക അടുപ്പമാണ് കിട്ടാക്കട നിരക്ക് കുറഞ്ഞുനിൽക്കാൻ കാരണമെന്ന് ധനകാര്യ സ്ഥാപനങ്ങൾ പറയുന്നു. തിരിച്ചടവ് മുടക്കി, സ്വർണം നഷ്‌ടപ്പെടുത്താൻ മിക്കവരും ആഗ്രഹിക്കുന്നില്ല.