തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്ന എം.എൽ.എ മാരുടെ വരുമാനത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായ വർദ്ധനവിന്റെ കണക്കുമായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. 84 എം.എൽ.എമാർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ അവലോകനം ചെയ്ത് തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വരുമാനത്തിൽ 267 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വരുമാനത്തിൽ പതിനൊന്ന് ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
പിണറായി വിജയന്റെ വരുമാനത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുളളിൽ 11.59 ലക്ഷം രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പിണറായിക്ക് മൊത്തം ഒരു കോടിക്ക് മുകളിൽ മൂല്ല്യമുളള ആസ്തിയുണ്ട്. പിണറായി വിജയൻ, മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ശമ്പളവും അലവൻസുകളുമാണ് വരുമാന മാർഗമായി കാണിച്ചിരിക്കുന്നത്. അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വരുമാനത്തിൽ 3.31 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2021 ലെ കണക്ക് അനുസരിച്ച് ഇദ്ദേഹത്തിന് മൊത്തം നാലു കോടിക്ക് മുകളിൽ ആസ്തിയുണ്ട്. 2016 ൽ അത് ഒന്നരക്കോടിയിൽ താഴെയായിരുന്നു. ഉമ്മൻ ചാണ്ടി തനിക്ക് ലഭിക്കുന്ന അലവൻസുകളാണ് വരുമാന മാർഗമായി കാണിച്ചിരിക്കുന്നത്.
വീണ്ടും മൽസരിക്കുന്ന സിറ്റിംഗ് എം.എൽ.എമാരിൽ ഏറ്റവും കൂടുതൽ വരുമാന വർധനവുണ്ടാക്കിയിരിക്കുന്നവരിൽ നിലമ്പൂരിലെ ഇടതുസ്വതന്ത്രൻ പി.വി. അൻവറും ഉൾപ്പെടും. ഇദ്ദേഹത്തിന്റെ വരുമാനത്തിൽ 345 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016ൽ ഇദ്ദേഹത്തിന്റെ ആസ്തി 14.38 കോടിയായിരുന്നു. 2021ൽ ഇത് 64.14 കോടിയായി വർധിച്ചു. അഞ്ച് വർഷത്തിനുളളിൽ 49.75 കോടിയോളം രൂപയുടെ വർദ്ധനവുണ്ടായതായാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.