സെൻസെക്‌സ് 870 പോയിന്റും നിഫ്‌റ്റി 229 പോയിന്റും ഇടിഞ്ഞു
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുതിച്ചുയർന്ന കൊവിഡ് കേസുകളും മഹാരാഷ്‌ട്രയിലെ ലോക്ക്ഡൗണും വിതയ്ക്കുന്ന ആശങ്കമൂലം ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കനത്ത നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. ഒരുവേള 1,449 പോയിന്റ് വരെ തകർന്ന സെൻസെക്‌സ് വ്യാപാരാന്ത്യം 870 പോയിന്റ് നഷ്‌ടവുമായി 49,159ലാണുള്ളത്. 408 പോയിന്റുവരെ ചാഞ്ചാടിയ നിഫ്‌റ്റി 229 പോയിന്റ് താഴ്‌ന്ന് 14,637ലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസ് കഴിഞ്ഞദിവസം ആദ്യമായി ഒരുലക്ഷം കടന്നതും മൊത്തം കേസുകൾ 1.25 കോടി പിന്നിട്ടതും സമ്പദ്‌വ്യവസ്ഥയുടെ നേട്ടത്തിന്റെ തിരിച്ചുകയറ്റത്തിനുമേൽ കരിനിഴൽ വീഴ്‌ത്തുന്നതാണ് നിക്ഷേപകരെ വലയ്ക്കുന്നത്. സെപ്‌തംബർ 17ന് കുറിച്ച 97,894 കൊവിഡ് കേസുകളുടെ റെക്കാഡാണ് പഴങ്കഥയായത്. നിഫ്‌റ്റിയിലെ 11 ഓഹരി വിഭാഗങ്ങളിൽ ഒമ്പതും ഇന്നലെ നഷ്‌ടത്തിലേക്ക് വീണു. ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, എസ്.ബി.ഐ., മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് ബി.എസ്.ഇ സെൻസെക്‌സിൽ ഇന്നലെ ഏറ്റവുമധികം നഷ്‌ടം നേരിട്ട ഓഹരികൾ.
നിഫ്‌റ്റിയിൽ പി.എസ്.യു ബാങ്ക് സൂചിക നാലു ശതമാനം വരെ താഴേക്കിറങ്ങി. നിഫ്റ്റി ബാങ്ക്, ഫിനാൻഷ്യൽ സർവീസസ്, സ്വകാര്യ ബാങ്ക്, റിയാൽറ്റി സൂചികകൾ മൂന്നു ശതമാനം വരെയും നഷ്‌ടം കുറിച്ചു. നിഫ്‌റ്റി ഐ.ടി., നിഫ്‌റ്റി മെറ്റൽ എന്നിവയൊഴികെയുള്ള വിഭാഗങ്ങളെല്ലാം നഷ്‌ടമാണ് രേഖപ്പെടുത്തിയത്.
പ്രതീക്ഷ എം.പി.സിയിൽ
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയ സമിതിയുടെ (എം.പി.സി) ത്രിദിന യോഗത്തിന് ഇന്നലെ തുടക്കമായി. നാളെ റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിക്കും. സമ്പദ്‌വളർച്ചയ്ക്ക് ഊർജമേകുന്ന പ്രഖ്യാപനങ്ങൾ ധനനയത്തിലുണ്ടാകുമെന്ന പ്രതീക്ഷയാണ് നിക്ഷേപക ലോകത്തിനുള്ളത്. നഷ്‌ടത്തിൽ നിന്ന് കരകയറാൻ നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന ആയുധവും ധനനയമാണ്. അതേസമയം, കൊവിഡ് കേസുകളും നാണയപ്പെരുപ്പവും കുതിച്ചുയരുന്നത് പരിഗണിച്ച് പലിശനിരക്കുകളിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയ്യാറാവില്ലെന്നാണ് വിലയിരുത്തലുകൾ.
നിക്ഷേപകർക്ക് നഷ്‌ടം
₹2.16 ലക്ഷം കോടി
ഇന്നലെ സെൻസെക്‌സിലെ നിക്ഷേപകർക്കുണ്ടായ നഷ്‌ടം 2.16 ലക്ഷം കോടി രൂപയാണ്. 207.26 ലക്ഷം കോടി രൂപയിൽ നിന്ന് 205.09 ലക്ഷം കോടി രൂപയായാണ് നിക്ഷേപകമൂല്യം ഇടിഞ്ഞത്.
രൂപയ്ക്കും ക്ഷീണം
ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം കൊഴിഞ്ഞതോടെ, രൂപയും ഇന്നലെ നേരിട്ടത് കനത്ത നഷ്‌ടം. ഡോളറിനെതിരെ 18 പൈസ ഇടിഞ്ഞ് 73.30ലാണ് വ്യാപാരാന്ത്യം രൂപയുള്ളത്.