qq

ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേർ മരിച്ചു. നിരവധിപേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മ​ഴയാണ്​ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്​. ഇതിനെ തുടർന്നുണ്ടായ​ പ്രളയക്കെടുതിയിൽ കിഴക്കൻ പ്രദേശങ്ങളിലടക്കം ആയിരത്തിലധികം കെട്ടിടങ്ങൾ വെള്ളത്തിനടിയിലായി. പ്രദേശത്തെ അണക്കെട്ടുകൾ നിറഞ്ഞതുകാരണം വെള്ളം തുറന്നുവിട്ടതും വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടി. തിങ്കളാഴ്​ച രാത്രി ലാമൻലെ ഗ്രാമത്തിൽ കുന്നിടിഞ്ഞ്​​ നിരവധി വീടുകൾ മണ്ണിനടിയിലായി. മേഖലകളിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുകയാണ്​.

രക്ഷാപ്രവർത്തകർ ലാമൻലെ ഗ്രാമത്തിൽ നിന്ന്​ മാത്രം 40 ഓളം മൃതദേഹങ്ങൾ കണ്ടെത്തി. റോഡുകൾ തകർന്നതും വൈദ്യൂതി ബന്ധം മുറിഞ്ഞതും രക്ഷപ്രവർത്തനത്ത്​ തടസമാകുന്നുണ്ട്​. ഒപ്പം ചെളിയും മറ്റും കുന്നുകൂടുന്നതും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതായും ഇന്തോനേഷ്യൻ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. പല ദ്വീപുകളിലും വ്യാപകമായ പ്രളയക്കെടുതികൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.

പ്രളയത്തിൽ നിരവധിപേർക്ക് വീടുകൾ പൂർണമായും നഷ്ടമായി. ഇവരെ താത്കാലികമായി പാർപ്പിടം ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ചിലർ വീടുകളിൽ അകപ്പെട്ടിരിക്കുകയാണ്. ഇവർക്കുള്ള മരുന്ന്, ഭക്ഷണം, വസ്ത്രം, പുതപ്പ് ഇവ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അനുശോചനം അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരുടെ ഉപദേശം പിന്തുടരാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ വേഗത്തിലും നന്നായി നടത്താനും ഉത്തരവിട്ടതായി ജോക്കോ പറഞ്ഞു. പ്രളയത്തിൽ അകപ്പെട്ടവർക്ക് ആരോഗ്യ സേവന സഹായം,​ അവശഅയസാധനങ്ങളുടെ ലഭ്യത,​ വീട് നഷ്ടപ്പെട്ടവർക്ക് താമസസൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ എത്രയും വേഗത്തിൽ നടപ്പാക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ ദ്വീപ് സമൂഹങ്ങളിൽ മഴക്കാലങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സാധാരണയാണ്. ജനുവരിയിൽ ജാവയിലെ സുമോദാംഗ് പട്ടണത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ബൊർനിയോയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 11 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 125 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്നത് മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള മേഖലകളിലാണെന്നാണ് രാജ്യത്തെ ദുരന്ത ഏജൻസി കണക്കാക്കുന്നത്.