ഓയൂർ:പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തിൽ ബന്ധുവായ മദ്ധ്യവയസ്കനെ വീട്ടിൽ വിളിച്ചുവരുത്തി മദ്യം നൽകി അബോധാവസ്ഥയിലാക്കി വെട്ടിക്കൊന്ന് ചാണകക്കുഴിയിൽ കുഴിച്ചുമൂടി. ആറ്റൂർക്കോണം പള്ളി വടക്കതിൽ മുഹമ്മദ് ഹാഷിമാണ് (53) അതിക്രൂരമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഹാഷിമിന്റെ പിതാവിന്റെ സഹോദരീപുത്രൻ ആറ്റൂർക്കോണം സുൽത്താൻ വീട്ടിൽ ഷറഫുദ്ദീൻ (54), പട്ടാഴി താമരക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ വീട്ടിൽ നിസാം (47) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ഹാഷിമിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ 31ന് നടന്ന കൊലപാതകം പുറംലോകം അറിയുന്നത്.
അന്ന് വൈകിട്ട് ഏഴോടെ വീട്ടിൽനിന്ന് പോയ ഹാഷിം രണ്ടു ദിവസമായിട്ടും മടങ്ങിവന്നില്ല. തുടർന്ന് ഈ മാസം 2ന് ഭാര്യ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. ഹാഷിമിനോട് വിരോധമുള്ളവരെ ചോദ്യം ചെയ്തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഷറഫുദ്ദീനെയും ചോദ്യം ചെയ്ത് വിട്ടയച്ചു.
ഹാഷിമിനെ അവസാനം കണ്ടെന്ന് പറയുന്ന സ്ഥലത്തുനിന്ന് മണം പിടിച്ചോടിയ പൊലീസ് നായ ഷറഫുദ്ദീന്റെ വീട്ടിൽ എത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
അപ്പോൾ വീട്ടിൽ ഇല്ലാതിരുന്ന ഷറഫുദ്ദീനെ ഇന്നലെ പുലർച്ചെ നാലോടെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാഴിയിൽ നിന്ന് നിസാമിനെയും അറസ്റ്റ് ചെയ്തു. ഹാഷിമിന്റെ ഭാര്യ: ഷാമില. മക്കൾ: മുഹമ്മദ് ആഷിക്, ആസിയ, ആമിന.
നിസാം ഓയൂർ
ഹാഷിം കൊലപാതകം ആസൂത്രിതം
ഓയൂർ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം മനസിൽ സൂക്ഷിച്ചിരുന്ന ഷറഫുദ്ദീൻ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ബന്ധുവായ ഹാഷിമിനെ വീട്ടിലേക്ക് വിളിച്ചത്. പദ്ധതി പ്രകാരം പ്രതി നാടൻ വാറ്റ് നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഹാഷിമിനെ വീട്ടിലെത്തിച്ചത്. വയറുനിറയെ ചാരായം നൽകിയതോടെ ബോധം നഷ്ടപ്പെട്ട് തുടങ്ങിയ ഹാഷിമിന്റെ കഴുത്തിന് ഷറഫുദ്ദീൻ മൂർച്ചയേറിയ വെട്ടുകത്തിക്ക് ആഞ്ഞുവെട്ടി.
നിലത്തുവീണതോടെ കഴുത്ത് വേർപെടുന്ന വിധം വീണ്ടും വീണ്ടും വെട്ടി. മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം സുഹൃത്തായ കൊട്ടാരക്കര പട്ടാഴി താമരക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കൽ ചരുവിള വീട്ടിൽ നിസാമിന്റെ സഹായത്തോടെ മൃതദേഹം പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞു. തുടർന്ന് കാലിത്തൊഴുത്തിന്റെ പിന്നിലുള്ള ചാണകക്കുഴിയിൽ രണ്ടടി താഴ്ചയിൽ കുഴിയെടുത്ത് മൃതദേഹം മൂടി. ഇതിന് മുകളിൽ മരത്തിന്റെ മരച്ചില്ലകൾ വെട്ടിയിട്ടു. കൃത്യം നടത്തിയതിന് ശേഷം നിസാം പിറ്റേന്ന് രാവിലെ പട്ടാഴിക്ക് പോവുകയും ഷറഫുദ്ദീൻ പഴയതുപോലെ പശുവിനെ നോക്കി കഴിയുകയുമായിരുന്നു. ഹാഷിമിന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് ഷറഫുദ്ദീൻ. ഹാഷിമിന്റെ വീടിന് അരകിലോമീറ്റർ അകലെയാണ് ഷറഫുദ്ദീൻ നാലാമത്തെ ഭാര്യയ്ക്കൊപ്പം താമസിക്കുന്നത്. ഇരുവരും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. ഇടയ്ക്ക് വഴക്കിടാറുണ്ടെങ്കിലും താമസിയാതെ സുഹൃത്തുക്കളാകും. റിയാദിൽ പെയിന്റിംഗ് തൊഴിലാളിയായിരുന്നു ഹാഷിം. ഇവിടെ അടുത്തുതന്നെയാണ് ഷറഫുദ്ദീനും ജോലി ചെയ്തിരുന്നത്. ഷറഫുദ്ദീൻ കടംവാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പണമിടപാട് സംബന്ധിച്ച് ഇരുവരും തമ്മിൽ പലതവണ വാക്കേറ്റം നടന്നിരുന്നു. ഇതിനിടെയാണ് വീടിന് സമീപം റബർമരം മുറിക്കാനെത്തിയ നിസാമുമായി ഷറഫുദ്ദീൻ ചങ്ങാത്തത്തിലായത്. രണ്ടുദിവസം മുൻപ് നിസാം ഷറഫുദ്ദീനെ ഫോൺ വിളിച്ച് ജോലി വല്ലതുമുണ്ടോയെന്ന് തിരക്കി. ഉണ്ടെന്ന് പറഞ്ഞതോടെ സ്ഥലത്തെത്തിയ നിസാമുമായി ചേർന്ന് ചാരായം വാറ്റി കുടിക്കുകയും കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു.
മൊബൈൽ ലൊക്കേഷൻ തുണയായി
ബന്ധുവിനെ മർദ്ദിച്ച കേസിൽ വാറണ്ടുള്ളതിനാൽ ഹാഷിം രാത്രിയിൽ വീട്ടിൽ തങ്ങാറില്ലായിരുന്നു. കഴിഞ്ഞ മാസം 31ന് രാത്രിയോടെ ബന്ധുവിന്റെ കാറിൽ പുറത്തുപോയ ഹാഷിമിനെ രണ്ട് ദിവസം കഴിഞ്ഞും കാണാതായതോടെയാണ് ഭാര്യ പരാതി നൽകിയത്. സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഹാഷിം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മൊബൈൽ ഓഫായ സമയം ഷറഫുദ്ദീന്റെ വീടിന് സമീപമായിരുന്നു എന്ന് മനസിലായി.
പൊലീസ് നായ ഹാഷിം കാറിൽ വന്നിറങ്ങിയ സ്ഥലത്ത് നിന്ന് മണം പിടിച്ച് ഷറഫുദ്ദീന്റെ വീട്ടിലെത്തി. തുടർന്നാണ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്.