തിരുവനന്തപുരം: പെൺവാണിഭത്തെപ്പറ്റി പൊലീസിന് വിവരം നൽകുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് കരമന കിള്ളിപ്പാലത്ത് അപ്പാർട്ട് മെന്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലെന്ന് സൂചന. കൈമനം ആഴാംകല്ല് കൃഷ്ണ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന വൈശാഖ് (34) ആണ് കൊല്ലപ്പെട്ടത്.
നഗരത്തിൽ മുമ്പ് പെൺവാണിഭക്കേസിൽ അറസ്റ്റിലായ യുവതി ഉൾപ്പെടെ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരെ കരമന പൊലീസ് ഇതുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ലെങ്കിലും പെൺവാണിഭവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട വൈശാഖും അപ്പാർട്ട് മെന്റിൽ പെൺവാണിഭം നടത്തുന്നവരും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറിയും തിരിഞ്ഞും വർഷങ്ങളായി പെൺവാണിഭം നടത്തിവരുന്ന സംഘം ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കിള്ളിപ്പാലത്തെ അപ്പാർട്ട് മെന്റ് വാടകയ്ക്കെടുത്തത്. മണ്ണന്തല ഉൾപ്പെടെ നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പെൺവാണിഭത്തിന് മുമ്പ് പ്രതികളായവരാണ് പിടിയിലുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഫാമിലിയെന്ന പേരിൽ രണ്ട് മുതിർന്ന പുരുഷൻമാരും സ്ത്രീകളും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുമായാണ് ഇവർ അപ്പാർട്ട് മെന്റിലെത്തി താമസം തുടങ്ങിയത്. ശനിയാഴ്ച അപ്പാർട്ട് മെന്റിലെത്തിയ വൈശാഖും പെൺവാണിഭ സംഘത്തിലുൾപ്പെട്ട സ്ത്രീകളിലൊരാളും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാക്കുതർക്കത്തിൽ ഒപ്പമുണ്ടായിരുന്ന പുരുഷൻമാർ ഇടപെടുകയും ഇവരും വൈശാഖുമായി കയ്യാങ്കളിയുണ്ടാകുകയും ചെയ്തതിനിടെയാണ് സംഘാംഗങ്ങളിലാരോ ഒരാൾ സ്കൂഡ്രൈവർ പോലുളള ആയുധം ഉപയോഗിച്ച് വൈശാഖിനെ കുത്തുകയായിരുന്നു. കുത്തേറ്റ് അപ്പാർട്ട് മെന്റിലെ ബാൽക്കെണിയിൽ കുഴഞ്ഞുവീണ വൈശാഖ് അബോധാവസ്ഥയിലാകുകയും രക്തം വാർന്ന് മരണപ്പെടുകയുമായിരുന്നു. ഇന്നലെ രാവിലെ അപ്പാർട്ട് മെന്റിലെ മറ്റ് താമസക്കാരാണ് മൃതദേഹം കാണപ്പെട്ട വിവരം അപ്പാർട്ട് മെന്റ് ഉടമസ്ഥനെയും പൊലീസിനെയും അറിയിച്ചത്. പൊലീസെത്തി പ്രതികളെന്ന് സംശയിക്കുന്ന സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലായ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണെങ്കിലും വൈശാഖിനെ കുത്തിയതാരാണെന്ന് സമ്മതിക്കാൻ പ്രതികൾ കൂട്ടാക്കിയിട്ടില്ല. സംഭവസ്ഥലത്ത് കാമറകളില്ലാത്തതിനാൽ സിസി ടിവി ദൃശ്യങ്ങളൊന്നും ലഭ്യമാകാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. സംഭവത്തിൽ ദൃക്സാക്ഷികളായി ആരെയും കണ്ടെത്താനും പൊലീസിനായിട്ടില്ല. അപ്പാർട്ട് മെന്റിലെ താമസക്കാരിൽ നിന്ന് വിശദമായ വിവരങ്ങൾ മനസിലാക്കാൻ പൊലീസ് ശ്രമിച്ചുവരികയാണ്. കൊല്ലപ്പെട്ട വൈശാഖിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോർട്ട് അസി. കമ്മിഷണർ അനിൽദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.