sc

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്) മൂന്ന് സ്ട്രീമിലും

സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് അന്തിമ വാദം കേൾക്കാനിരിക്കെ, സർക്കാരിന് വേണ്ടി

ഇന്നലെ സമർപ്പിച്ച ഉപക്ഷേപം തിരിച്ചടിയാവുമോയെന്ന് ആശങ്ക.

കെ.എ.എസിന്റെ മൂന്ന് സ്ട്രീമിലെയും നിയമനങ്ങൾ പ്രൊമോഷൻ വഴിയല്ലാത്തതും, നേരിട്ടുള്ളതുമാണെന്ന വസ്തുത അംഗീകരിച്ചാണ് മൂന്ന് സ്ട്രീമിലും സംവരണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.ഇതിനെതിരെ കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണലിലും നൽകിയ ഹർജികൾ തള്ളപ്പെട്ടതിനെ തുടർന്നാണ് എൻ.എസ്.എസും മറ്റും സുപ്രീം കോടതിയെ സമീപിച്ചത്.കേസിൽ സർക്കാരിന് വേണ്ടി എതിർ സത്യവാങ്മൂലം സമർപ്പിക്കുകയോ ,സർക്കാരിന്റെ സീനിയർ അഭിഭാഷകൻ ഹാജരായി എതിർ വാദം ഉന്നയിക്കുകയോ ചെയ്യാതിരുന്നതിനെ കഴിഞ്ഞ മാസം സുപ്രീം കോടതി വിമർശിച്ചത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു .തുടർന്നാണ് സർക്കാരിന്റെ നിർദ്ദേശ പ്രകാരം എതിർ സത്യവാങ്മൂലം സമർപ്പിച്ചത്.

കെ.എ.എസിലെ നിയമനങ്ങൾ പ്രൊമോഷൻ വഴി അല്ലെന്നിരിക്കെ, പ്രൊമോഷനിൽ സംവരണം ആകാമെന്ന രീതിയിലുള്ള മറ്റ് ചില കേസുകളും വിധിയും സർക്കാരിന് വേണ്ടി ഇന്നലെ സമർപ്പിച്ച ഉപക്ഷേപത്തിൽ ഉദ്ധരിച്ചതാണ് സംശയമുണർത്തുന്നത്.. കെ.എ.എസിലേത് പ്രൊമോഷൻ നിയമനങ്ങളായതിനാൽ സംവരണം പാടില്ലെന്ന ഹർജിക്കാരുടെ വാദത്തെ സാധൂകരിക്കുന്ന വിധത്തിലാണ്,സർക്കാരിന്റെ ഉപക്ഷേപത്തിൽ അനാവശ്യമായി ഈ പ്രശ്നം ഉന്നയിച്ചതെന്നാണ് ആക്ഷേപം. കേസിൽ സുപ്രീം കോടതി ഇന്ന് അന്തിമ വാദം കേട്ട ശേഷം,വിധി പ്രഖ്യാപിക്കാനും

സാദ്ധ്യതയുണ്ട്.