തളിപ്പറമ്പിൽ സിപിഎം/ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എംവി ഗോവിന്ദൻ മാസ്റ്റർക്ക് വോട്ടഭ്യർത്തിച്ച് നിഖില വിമൽ. അദ്ദേഹം തനിക്ക് അച്ഛനെപ്പോലെയാണെന്നും മണ്ഡലത്തിലെ എല്ലാവരും അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയുണ്ടെന്നും തളിപ്പറമ്പ് സ്വദേശി കൂടിയായ നടി പറഞ്ഞു. കമ്മ്യൂണിസത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് താൻ വളർന്നത്. ഗോവിന്ദൻ മാഷിന് തന്റെ കുടുംബവുമായി ഒരുപാടുനാളത്തെ പരിചയമുണ്ട്. നിഖില പറയുന്നു.
' അത്ര അടുപ്പമുള്ളതിനാല്‍ മാഷെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇവിടെ വരണമെന്ന് തോന്നി. മാഷിന് വേണ്ടി ഞാന്‍ വോട്ട് ചോദിക്കേണ്ടതില്ലെന്ന് തോന്നുന്നു. എല്ലാരും മാഷിന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷയുണ്ട്. നാടിന്റെ വികസനത്തിനും പുരോഗമനത്തിനും ഗോവിന്ദന്‍ മാഷിനായിരിക്കും എല്ലാവരുടെയും വോട്ടെന്നും പ്രതീക്ഷിക്കുന്നു.'- നടി പറഞ്ഞു.
അഴീക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെവി സുമേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും നിഖില എത്തിയിരുന്നു.
സുമേഷിന്റെ റോഡ് ഷോയിലാണ് നിഖില വിമൽ പങ്കെടുത്തത്. പരസ്യപ്രചാരണം അവസാനിച്ച ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചലച്ചിത്ര താരങ്ങളായ ഇന്ദ്രൻസും ഹരിശ്രീ അശോകനും പങ്കെടുത്തത് വാർത്തയായിരുന്നു. പിണറായി വിജയന്റെ കണ്ണൂരിലെ റോഡ് ഷോയിലായിരുന്നു ഇരുവരും പങ്കെടുത്തത്.