cpm-sdpi

കോഴിക്കോട്: സംസ്ഥാനത്ത് എസ്.ഡി.പി.ഐ-സി.പി.എം ധാരണയുണ്ടെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തീവ്ര ഇസ്ലാമിക സംഘടനകളുമായി തങ്ങൾക്ക് ബന്ധമില്ല എന്നാണ് സി.പി.എം പറഞ്ഞത്. എന്നാൽ 82 ഇടങ്ങളിൽ ഇവർ കൈകോർത്ത് പിടിച്ചിരിക്കുകയാണെന്നും മുല്ലപ്പളളി കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

മഞ്ചേശ്വരത്ത് എൽ.ഡി.എഫ് പ്രവർത്തകർ യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്നും മുല്ലപ്പളളി ആവർത്തിച്ചു. ഇക്കാര്യത്തിൽ യു.ഡി.എഫിനകത്ത് അഭിപ്രായവിത്യാസമില്ല. മഞ്ചേശ്വരത്ത് സി.പി.എം ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തിയത് ബി.ജെ.പിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇതു തിരിച്ചറിയുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഒരിടത്തും യു.ഡി.എഫിന് ബി.ജെ.പിയുടെ വോട്ടുകൾ വേണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ബി.ജെ.പിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽ.ഡി.എഫ് പിന്തുണ തേടിയ മുല്ലപ്പളളിയുടെ നടപടിയിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടിനേരത്തെ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയെ തോൽപ്പിക്കാൻ യു.ഡി.എഫിന് കഴിവുണ്ട്. ആരുടേയും പിന്തുണ വേണ്ട. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതു തെളിയിച്ചതാണെന്നും ഇത്തവണയും അതുതന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു.