nnpa

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ - മൊത്തം കിട്ടാക്കടം) 2021 മാർച്ച് 31ഓടെ 9.6 മുതൽ 9.7 ശതമാനം വരെയായി ഉയർന്നിട്ടുണ്ടാകാമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇക്ര റേറ്റിംഗ്സ് വ്യക്തമാക്കി. 2022 മാർച്ച് 31ൽ ഇത് മൊത്തം വായ്‌പകളുടെ 9.9 മുതൽ 10.2 ശതമാനം വരെ എത്തുമെന്നും ഇക്ര പറയുന്നു. വായ്‌പാ തിരിച്ചടവുകൾക്ക് അനുവദിച്ച മോറട്ടോറിയം, കിട്ടാക്കടമായി വായ്‌പകളെ തരംതിരിക്കുന്നത് (അസറ്റ് ക്ളാസിഫിക്കേഷൻ) ഇടക്കാലത്തേക്ക് തടഞ്ഞ സുപ്രീംകോടതി ഉത്തരവ് എന്നിവയാണ് ബാങ്കുകൾക്ക് തിരിച്ചടിയാവുക.

ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി അനുപാതം 2020 മാർച്ച് 31 പ്രകാരം 8.6 ശതമാനമാണ്. ഡിസംബർ 31ന് ഇത് 8.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ - അറ്റ കിട്ടാക്കടം) ഇക്കാലയളവിൽ മൂന്നു ശതമാനത്തിൽ നിന്ന് 2.7 ശതമാനത്തിലേക്കും കുറഞ്ഞു. കൊവിഡ് കാലത്ത് സർക്കാരിൽ നിന്നുൾപ്പെടെ വായ്‌പാ ഇടപാടുകാർക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിച്ചതിനാൽ, പുതിയ കിട്ടാക്കടങ്ങൾ 2019-20ലെ 3.6 ലക്ഷം കോടി രൂപയിൽ നിന്ന് 2020-21ലെ ആദ്യ ഒമ്പതുമാസക്കാലത്ത് 1.8 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുമുണ്ട്.

പുതിയ കിട്ടാക്കടങ്ങൾ തരണം ചെയ്‌ത് ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താനായി, ലാഭത്തിൽ നിന്ന് നിശ്‌ചിത തുക ബാങ്കുകൾ നീക്കിവയ്ക്കുന്നതാണ് (പ്രൊവിഷനിംഗ്) അറ്റ നിഷ്‌ക്രിയ ആസ്‌തി താഴ്‌ന്നുനിൽക്കാനുള്ള മറ്റൊരു പ്രധാനകാരണം. അതേസമയം, വായ്‌പാ ഇടപാടുകാർക്ക് ലഭിച്ച ആനുകൂല്യങ്ങളുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് വായ്‌പകൾ കിട്ടാക്കടമായി തരംതിരിക്കാൻ ബാങ്കുകൾക്ക് കഴിയും. ഇതാണ്, കിട്ടാക്കട അനുപാതത്തെ മേലോട്ടുയർത്തുക.

അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 2021 മാർച്ച് 31 പ്രകാരം പ്രതീക്ഷിക്കുന്നത് 3.0 - 3.1 ശതമാനമാണ്. പ്രൊവിഷനിംഗ് മൂലം 2022 മാർച്ച് 31ന് ഇത് 2.3-2.5 ശതമാനമായി താഴും. അതേസമയം, എൻ.എൻ.പി.എയിലെ ഇടിവും മൂലധന സമാഹരണത്തിലെ ഉണർവും ബാങ്കുകൾക്ക് ആശ്വാസമാകുന്നുണ്ട്. 2020-21ൽ 12,000 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ വിപണിയിൽ നിന്ന് സമാഹരിച്ചത്. സ്വകാര്യ ബാങ്കുകൾ 53,600 കോടി രൂപയും സമാഹരിച്ചു. മൂലധന സഹായമായി പൊതുമേഖലാ ബാങ്കുകളിൽ കേന്ദ്രസർക്കാർ 20,000 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്.