ലണ്ടൻ: രാജ്യത്തെ അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാൻ പുതിയ നിയമങ്ങൾ പ്രഖ്യാപിക്കുമെന്ന് യുകെ. അനുവദനീയമായ ചില കാരണങ്ങളൊഴികെ നിലവിൽ നിരോധിച്ചിരിക്കുന്ന വിദേശ യാത്ര പുനരാരംഭിക്കാനാണ് തീരുമാനം. ഇതിനായി മെയ് 17 താത്കാലിക തിയതിയും നിശ്ചയിച്ചു. വേനൽക്കാല അവധിമുന്നിൽ കണ്ടാണ് യാത്ര ഇളവുകൾ നൽകിയത്. അതേസമയം, യാത്രചെയ്യുന്ന രാജ്യങ്ങൾ റെഡ് ലിസ്റ്റിലുള്ളതാണെങ്കിൽ തിരിച്ചുവരുന്ന യാത്രക്കാർ കപ്പലിലോ ഹോട്ടൽ റൂമുകളിലോ നിർബന്ധമായും കോറന്റീൻ ചെയ്തിരിക്കണം. എന്നാൽ അപകടസാധ്യത കുറവുള്ള രാജ്യങ്ങളിൽ യാത്രചെയ്യുന്നവർ യാത്രയ്ക്ക് മുൻപും ശേഷവും കൊവിഡ് ടെസ്റ്റ് നടത്തിയൽ മതിയാകുമെന്നും സർക്കാർ അറിയിച്ചു. രാജ്യത്തെ അന്തർദേശീയ യാത്രകൾക്കായി ഞങ്ങൾ ആവുന്നതെല്ലാം ചെയ്യും. എന്നാൽ ജനങ്ങൾ സുരക്ഷിതരായിരിക്കാൻ സ്വയം നിയന്ത്രിക്കേണ്ടതാണ്- പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.