evm

ഗുവാഹത്തി: അസാമിലെ ദിമാ ഹസാവോ ജില്ലയിലെ ഹഫ്‌ലോങ് മണ്ഡലത്തിലെ ഒരു പോളിങ് ബൂത്തിൽ വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതൽ വോട്ടുകൾ പോൾ ചെയ്ത സംഭവത്തിൽ ആറ് പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
ഏപ്രിൽ ഒന്നിന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ക്രമക്കേട് നടന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയിൽ ഇവിടെ 90 വോട്ടർമാരാണുള്ളത്. എന്നാൽ, ബാലറ്റ് യന്ത്രത്തിൽ 181 വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. ഈ ബൂത്തിൽ റീപോൾ നടത്തുമെന്നാണ് വിവരം.

2016ൽ ബി.ജെ.പി എം.എൽ.എ വിജയിച്ച മണ്ഡലമാണിത്.

തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വോട്ടർ പട്ടിക ഗ്രാമത്തലവൻ അംഗീകരിക്കാത്തതാണ് വോട്ടുകൾ കൂടാനിടയാക്കിയതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഗ്രാമത്തലവൻ മറ്റൊരു വോട്ടർ പട്ടിക കൊണ്ടുവന്ന് ആളുകളെ വോട്ട് ചെയ്യിക്കുകയായിരുന്നത്രെ. എന്നാൽ, ഗ്രാമത്തലവന്റെ ആവശ്യം എന്തുകൊണ്ട് ബൂത്തിലെ ഉദ്യോഗസ്ഥർ അംഗീകരിച്ചുവെന്നതിലും സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നല്ലേയെന്നതിലും വ്യക്തത വന്നിട്ടില്ല.