qq

വാഷിംഗ്ടൺ: ക്യൂബയിലെ ഗ്വാണ്ടനാമോ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ രഹസ്യത്തടവറ അടച്ചുപൂട്ടി. തടവുകാരെ ഒഴിഞ്ഞ നിലയിലുള്ള ക്യാംപ് 5 ലേക്കാണ് മാറ്റിയിരിക്കുന്നത്. തടവറയുടെ ജീർണാവസ്ഥയെ തുടർന്നാണ് ഇത് അടച്ചുപൂട്ടിയത്. ഭൂമിയിലെ നരകമെന്ന് അറിയപ്പെടുന്ന ഗ്വോണ്ടനാമോ തടവറസമുച്ചയത്തിലെ ക്യാംപ് 7നാണ് അടച്ചുപൂട്ടിയത്.

പുതിയ തടവറ നിർമിക്കണമെന്ന് 2013 ലെ ബഡ്ജറ്റിൽ ആവശ്യമുയർന്നിരുന്നു. സിഐഎ പിടികൂടുന്ന ഭീകരരെ പാർപ്പിക്കാൻ നിർമിച്ച തടവറയിൽ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തടവുകാരുടെ മേൽനോട്ടം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് തടവറ അടച്ചു പൂട്ടുന്നതെന്നാണ് യു.എസ് സതേൺ കമാൻഡ് നൽകുന്ന വിശദീകരണം.

എന്നാൽ എത്ര തടവുകാരെയാണ് മാറ്റിയതെന്ന് വിവരം സൈന്യം പുറത്തു വിട്ടിട്ടില്ല. ക്യാംപ് 7 നിൽ 14 തടവുകാരുണ്ടെന്നാണ് നേരത്തെ പുറത്തു വന്ന സൂചന. ഗ്വാണ്ടനാമോയിലെ വിവിധ തടവറകളിലായി നാൽപത് പേർ കഴിയുന്നതായാണ് വിവരം.

സിഐഎയുടെ പിടിയിലാകുന്ന കുറ്റവാളികളെ രഹസ്യമായി പാർപ്പിക്കാൻ 2006 ഡിസംബറിലാണ് ക്യാംപ് 7 തുറന്നത്. 2001 ലെ വേൾഡ് ഗ്രേഡ് സെന്റർ ആക്രമണവും അമേരിക്കയുടെ അഫ്ഗാൻ ആക്രമണവുമാണ് ഗ്വാണ്ടനാമോ തടവറകളെ വാർത്തയിലേക്ക് കൊണ്ടുവന്നത്.

തടവറയിൽ നിന്ന് പുറത്തു വന്ന അപൂർവം ചിലരുടെ വെളിപ്പെടുത്തലുകളാണ് ക്യൂബയിലെ അമേരിക്കൻ നാവികത്താവളമായ ഗ്വാണ്ടനാമോ തടവറകളിലെ കൊടിയ പീഡനങ്ങൾ ലോകത്തിന് മുന്നിലെത്തിച്ചത്.

ക്യാംപ് 7ൽ ഇപ്പോഴുള്ള തടവുകാരിൽ അഞ്ച് പേർ 2001 സെപ്റ്റംബർ11 ലെ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായവരാണ്. ഗ്വാണ്ടനാമോ അടച്ചു പൂട്ടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൂചിപ്പിച്ചിരുന്നെങ്കിലും തടവുകാരെ അമേരിക്കയിലേക്ക് നീക്കാൻ കോൺഗ്രസിൽ നിന്ന് പ്രത്യേക അനുമതി തേടേണ്ടതുള്ളതിനാൽ വിഷയം നീളാനാണ് സാധ്യത.