oman

മസ്​കത്ത്​: ഒമാനിൽ റംസാൻ മാസം മുഴുവൻ രാത്രി യാത്രാവിലക്കേർപ്പെടുത്താൻ തീരുമാനം. വ്യാപാര-വാണിജ്യസ്ഥാപനങ്ങളുടെ അടച്ചിടാനും സുപ്രീം കമ്മിറ്റി തീരുമാനമെടുത്തു. രാത്രി ഒമ്പത്​ മുതൽ പുലർച്ചെ നാല്​ വരെയാണ്​ റംസാനിലെ വിലക്കുണ്ടാവുക. നിലവിൽ ഏപ്രിൽ എട്ടുവരെ രാത്രി എട്ട്​ മുതൽ പുലർച്ചെ അഞ്ച്​ വരെ യാത്രാവിലക്ക്​ പ്രാബല്ല്യത്തിലുണ്ട്​. ഏപ്രിൽ എട്ട്​ മുതൽ ഒന്നുവരെ ഈ സമയക്രമത്തിൽ വ്യാപാര സ്​ഥാപനങ്ങളുടെ അടച്ചിടൽ തുടരും. എന്നാൽ വ്യക്​തികൾക്കും വാഹനങ്ങൾക്കും സഞ്ചാര അനുമതിയുണ്ടാകുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. ഒമാനിലേക്കുള്ള പ്രവേശനാനുമതി സ്വദേശികൾക്കും റെസിഡന്റ് വിസയിലുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താനും തീരുമാനിച്ചു. ഏപ്രിൽ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മുതലായിരിക്കും സന്ദർശന വിസക്കാരുടെ പ്രവേശന വിലക്ക്​ പ്രാബല്ല്യത്തിലാവുക. റംസാനിൽ മസ്​ജിദുകളിലും പൊതുസ്​ഥലങ്ങളിലും തറാവീഹ്​ നമസ്​കാരത്തിന്​ അനുമതിയുണ്ടായിരിക്കില്ല. റംസാനിൽ മസ്​ജിദുകളിലെ സമൂഹ നോമ്പുതുറകൾ അടക്കം ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദനീയമായിരിക്കില്ല. സാമൂഹിക, സാംസ്​കാരിക, കായിക പരിപാടികൾക്കും വിലക്കുണ്ടാകും.