താൻ അഭിനയിച്ച ഗാനരംഗത്തിന് വർഷങ്ങൾക്കിപ്പുറം വീണ്ടും ചുവടുവച്ച് നടി കിരൺ റാത്തോർ. തമിഴ് സൂപ്പർതാരം വിജയ്‌യും നടി ജ്യോതികയും നായികാനായകന്മാരായി എത്തിയ 2003ൽ പുറത്തിറങ്ങിയ 'തിരുമലൈ' എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനത്തിനാണ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ കിരൺ വീണ്ടും ചുവടുവച്ചത്.
'വാടിയമ്മാ ജക്കമ്മാ...' എന്ന് തുടങ്ങുന്ന ഗാനത്തിൽ നടി അതിഥിതാരമായി എത്തുകയും വിജയ്‌യോടൊപ്പം ചുവട് വയ്ക്കുകയും ചെയ്തിരുന്നു. ചിത്രം കാര്യമായ പ്രേക്ഷക ശ്രദ്ധ നേടിയില്ലെങ്കിലും ഈ ഗാനം അക്കാലത്ത് വൻ ഹിറ്റായി മാറിയിരുന്നു.
ആ ഗാനത്തിനാണ് 40കാരിയായ കിരൺ വീണ്ടും ഡാൻസ് ചെയ്യുകയും തന്റെ ആരാധകർക്കായി അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത്. ഏതായാലും നടിയുടെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
നിരവധി തമിഴ് തെലുങ്ക് ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള കിരൺ 'താണ്ഡവം' എന്ന മോഹൻലാൽ-ഷാജി കൈലാസ് ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. പിന്നീട് മായക്കാഴ്ച്ച, മനുഷ്യമൃഗം, ഡബിൾ എന്നീ മലയാള സിനിമകളിലും കിരൺ റാത്തോർ അഭിനയിച്ചിരുന്നു.