kk

ഗുവാഹത്തി: ബി.ജെ.പി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ വോട്ടുകൾ രേഖപ്പെടുത്തിയ ഇ.വി.എം മെഷീൻ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ തിര‌ഞ്ഞെടുപ്പ് കമ്മിഷനെ വെട്ടിലാക്കി പുതിയ വിവാദം. വോട്ടർമാരുടെ എണ്ണത്തിന് ഇരട്ടിയോളം വോട്ടുകൾ രേഖപ്പെടുത്തിയതാണ് വിവാദമായത്. അസമിലെ ദിമ ഹസാവോ ജില്ലയിലെ ബൂത്തിലാണ് വമ്പൻ ക്രമക്കേട് കണ്ടെത്തിയത്. ബൂത്തിൽ രജിസ്റ്റർ ചെയ്ത ആകെ വോട്ടർമാരുടെ എണ്ണം 90 ആയിരുന്നു. പക്ഷെ വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 17 1.ഇതോടെ തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു കമ്മിഷൻ സസ്‌പെൻഡ് ചെയ്തു. 107(എ) ഖോട്ലിർ എൽ.പി.സ്‌കൂളിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഏപ്രിൽ ഒന്നിന് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ഹാഫ്‌ലോംഗ് മണ്ഡലത്തിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. . 2016ൽ ബി.ജെ.പിയുടെ ബീർ ഭദ്ര ഹാഗ്ജർ ആണ് ഇവിടെ വിജയിച്ചത്. പോളിംഗ് ബൂത്തിൽ രജിസ്റ്റർ ചെയ്തിരുന്നത് 90 വോട്ടർമാരുടെ പേരുകൾ മാത്രമായിരുന്നെന്നും എന്നാൽ ഇ.വി.എമ്മിൽ 171 വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രാമത്തിന്റെ തലവൻ വോട്ടർപട്ടിക അംഗീകരിക്കാൻ കൂട്ടാക്കാതിരിക്കുകയും സ്വന്തമായി ഒരു പട്ടിക കൊണ്ടുവരികയുമായിരുന്നു. തുടർന്ന് ഗ്രാമവസികൾ ഗ്രാമത്തലവൻ കൊണ്ടുവന്ന പട്ടിക അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പി പ്രതികരിച്ചു. ഈ ബൂത്തിൽ വീണ്ടും പോളിംഗ് നടത്താനുള്ള നീക്കത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷനെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മോൾഡാം എൽ.പി. സ്‌കൂളിലെ പ്രധാന പോളിങ് സ്‌റ്റേഷന്റെ ഉപകേന്ദ്രമായാണ് ഈ ബൂത്ത് പ്രവർത്തിച്ചിരുന്നത്. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഏപ്രിൽ രണ്ടിനു തന്നെ ഇറങ്ങിയിരുന്നെങ്കിലും ഇന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. .