narendra-modi

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ചത്തേക്കാണ് യോഗം വിളിച്ചിരിക്കുന്നത്. രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് ഒരു ലക്ഷം കഴിഞ്ഞിരുന്നു. രണ്ടാംതരംഗത്തിൽ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. കൊവിഡ് വ്യാപനത്തിന്റെ തീവ്രത മെയ് അവസാനത്തോടെ മാത്രമേ കുറയാനിടയുള്ളൂവെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യ സംഘത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അൻപത്തിയെട്ടു പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിനു മുൻപ് കൊവിഡിന്റെ ആദ്യതരംഗത്തിൽ റിപ്പോർട്ട് ചെയ്ത ഉയർന്ന കണക്ക് സെപ്റ്റംബർ 16 നായിരുന്നു. അന്ന് 97984 പോർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നത് ഏറെ ആശങ്ക ഉയർത്തുന്നതാണ്.

പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ടയാണ് ഏറ്റവും മുൻപിൽ. തൊട്ടുപിന്നിൽ ഛത്തീസ്ഗഢ്, പഞ്ചാബ്, കർണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം രോഗബാധ ഏറ്റവും തീവ്രമായ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ സാഹചര്യം കേന്ദ്ര സംഘം നേരിട്ട് വിലയിരുത്തി തുടങ്ങി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചപറ്റിയതാണ് രോഗബാധ ഇത്രത്തോളം തീവ്രമാകാൻ കാരണമെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യ സംഘത്തിന്റെ വിലയിരുത്തൽ. വാക്സിനേഷൻ നിരക്ക് ഉയർത്തി കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുപ്പത്തിയഞ്ച് വയസിന് മുകളിലുള്ളവർക്ക് ഈ മാസം അവസാനമോ അടുത്തമാസം ആദ്യം മുതലോ വാക്സിൻ നൽകി തുടങ്ങും.