കൊച്ചി: വീഡിയോ സന്ദേശത്തിലൂടെ ഇടതു സർക്കാരിന് വോട്ട് തേടി ക്ഷേത്രം മേൽശാന്തി വിവാദത്തിലായി. കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലെ എറണാകുളം ശിവക്ഷേത്രം മേൽശാന്തി കൈമുക്ക് പരമേശ്വരൻ നമ്പൂതിരിയുടെ 1.44 മിനിറ്റ് വീഡിയോയാണ് ഞായറാഴ്ച മുതൽ വൈറലായത്. സംഭവം വിവാദമായതിനെ തുടർന്ന് ഇന്നലെ മുതൽ മേൽശാന്തി ലീവിലാണ്. ദേവസ്വം ബോർഡ് ഇന്നലെ വിശദീകരണവും ചോദിച്ചിട്ടുണ്ട്. ലീവ് ചോദിച്ചു വാങ്ങിയതെന്നാണ് സൂചന.
ക്ഷേത്രജീവനക്കാർക്കും ക്ഷേത്രങ്ങൾക്കും നല്ലത് ഇടതുസർക്കാർ അധികാരത്തിൽ വരുന്നതാണെന്നും തൃപ്പൂണിത്തുറയിലെ എം.സ്വരാജ് ഉൾപ്പെടെ എല്ലാ ഇടത് സ്ഥാനാർത്ഥികളെയും ജയിപ്പിക്കണമെന്നും മറ്റുമാണ് സന്ദേശത്തിലുള്ളത്.
ക്ഷേത്രത്തിലെ മേൽശാന്തിയുടെ മുറിയിൽ വച്ച് റെക്കാഡ് ചെയ്ത വീഡിയോയാണിത്. സമൂഹ മാദ്ധ്യമങ്ങളിൽ മേൽശാന്തിക്കെതിരെ കടുത്ത വിമർശനവും ഭീഷണികളും ഉയരുകയും ചെയ്തിട്ടുണ്ട്.
അപരാധമായിപ്പോയി
മഹാക്ഷേത്രമായ എറണാകുളം ശിവക്ഷേത്രത്തിന്റെ മേൽശാന്തി ക്ഷേത്രത്തിലിരുന്ന് രാഷ്ട്രീയ പ്രചാരണം നടത്തിയത് തെറ്റായിപ്പോയി. ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കമാണിത്. ഡ്യൂട്ടിയിലുള്ളപ്പോൾ ക്ഷേത്രത്തിനുള്ളിലേക്ക് രാഷ്ട്രീയം കൊണ്ടുവന്നത് ശരിയല്ല. ഭഗവാന്റെ പ്രതിനിധിയാണ് അദ്ദേഹം. ഉചിതമായ നടപടികൾ ദേവസ്വം ബോർഡ് സ്വീകരിക്കട്ടെ.
- പി.രാജേന്ദ്രപ്രസാദ്, ശിവക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ്
ലീവെടുത്തത് വോട്ടുചെയ്യാൻ
ഇടതുപക്ഷ അനുഭാവിയായതിനാലും എം.സ്വരാജിനോടുള്ള അടുപ്പം കൊണ്ടും വ്യക്തിപരമായി നടത്തിയ അഭ്യർത്ഥനയാണിത്. രണ്ട് ദിവസം ലീവെടുത്തത് വോട്ടു ചെയ്യാൻ വേണ്ടിയാണ്. ദേവസ്വം ബോർഡിന്റെ നോട്ടീസൊന്നും ലഭിച്ചിട്ടില്ല.
- കൈമുക്ക് പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി, എറണാകുളം ശിവക്ഷേത്രം