പത്തനംതിട്ട: രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് അഞ്ചുവയസുകാരിയായ തമിഴ് ബാലിക മരിച്ചു. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സംശയമുണ്ട്. കുമ്പഴ കളീക്കൽപടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് രാജപാളയം സ്വദേശിനിയായ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിയുകയായിരുന്നു കുട്ടി. രണ്ടാനച്ഛനായ അലക്സിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാൾ മാനസിക വിഭ്രാന്തി കാട്ടുന്നതിനാൽ വിശദമായ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സമീപത്തെ വീട്ടിലെ അടുക്കളജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കനക, കുട്ടി ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. വിവരം തിരക്കിയപ്പോൾ അലക്സ് കനകയെ മർദ്ദിച്ചു. തുടർന്ന് കനക അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിലും ശരീരഭാഗങ്ങളിലും മൂർച്ചയേറിയ ആയുധം കൊണ്ട് വരഞ്ഞതിന്റെ മുറിവേറ്റ പാടുകളുണ്ട്. രഹസ്യ ഭാഗങ്ങളിൽ നീർക്കെട്ട് ഉള്ളതായും കണ്ടെത്തി.