k-muraleedharan

തിരുവനന്തപുരം: നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും വടകര എംപിയുമായ കെ മുരളീധരനും ഒപ്പമുണ്ടായിരുന്ന പ്രവർത്തകർക്കും നേരെ ആർഎസ്എസ് ആക്രമണം. വെള്ളായണി സ്റ്റുഡിയോ റോഡ് പരിസരത്തുള്ള വീടുകളിൽ കയറി വോട്ടഭ്യർത്ഥന നടത്തിയപ്പോഴായിരുന്നു സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും നേരെ ആക്രമണമുണ്ടായത്.

ഇന്ന് രാത്രിയാണ് സംഭവം ഉണ്ടായത്. ഇവിടെ പൊലീസ് എത്തിയിട്ടുണ്ട്. വീടുകളിലെത്തി കെ മുരളീധരൻ പണം നൽകുകയാണ് എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആർഎസ്എസുകാർ ആക്രമിച്ചത്. മുരളീധരൻ സഞ്ചരിച്ച വാഹനത്തിനും കേടുപാടുകളുണ്ട്.

ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടറി നേമം സജീർ, നേമം ബ്ളോക്ക് സെക്രട്ടറി വിവേക് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇരുവരെയും നേമം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുരളീധരന് പരിക്കേറ്റിട്ടില്ല. സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്നും നാളെ രാവിലെ ഇത് സംബന്ധിച്ച് വാർത്താസമ്മേളനം നടത്തുമെന്നും നേമത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.