ആദ്യവോട്ട് ആദ്യാനുരാഗം പോലെ. മനസ് വല്ലാതെ തുടിക്കും. ആഹ്ളാദവും ആവേശവും സന്ദേഹവും ഉത്കണ്ഠയും കൂടിക്കുഴയുന്ന അനുഭവമാണ് കന്നിവോട്ട്. ആദ്യവോട്ടിന് ഒരുങ്ങുന്നവരും സ്ഥാനാർത്ഥിയായി ആദ്യമത്സരത്തിന് ഇറങ്ങുന്നവരും ചേർന്ന വോട്ട് വിശേഷം
ഓരോ ദിവസവും ആളുകളിലേക്കിറങ്ങുമ്പോൾ വലിയ ഊർജമാണ് ലഭിക്കുക. പാർട്ടി പ്രവർത്തകർക്കിടയിലും വലിയ ഒരാവേശമുണ്ട്. അതുകൊണ്ട് മത്സരത്തിനെപ്പറ്റി യാതൊരു ടെൻഷനുമില്ല. ഞാൻ ചെറിയ സാഹചര്യങ്ങളിൽ നിന്നാണ് ജീവിതം തുടങ്ങിയത്.
എസ്.എസ്. ലാൽ, കഴക്കൂട്ടം,യു.ഡി.എഫ്
സ്കൂൾ കാലത്ത് പോലും ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തയാളാണ് ഞാൻ. പാർട്ടിയിലും പ്രവർത്തന പരിചയമുണ്ടെങ്കിലും പിന്നിൽ നിൽക്കാനായിരുന്നു ആഗ്രഹം. ടെൻഷനോ പേടിയോ തോന്നുന്നില്ല.
കൃഷ്ണകുമാർ. ജി,തിരുവനന്തപുരം,
എൻ.ഡി.എ
പുതുമുഖമായതുകൊണ്ട് ടെൻഷൻ ഉണ്ടാകണമെന്നില്ല. മണ്ഡലത്തിൽ നിന്ന് പോസിറ്റീവ് പ്രതികരണം ലഭിക്കുന്നതുകൊണ്ട് വലിയ പ്രതീക്ഷയാണ്. എതിരാളികളെപ്പറ്റി ചിന്തിക്കുന്നില്ല.
വീണ എസ്.നായർ, വട്ടിയൂർക്കാവ്
യു.ഡി.എഫ്
നിയമസഭയിലേക്ക് കന്നിയങ്കമാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടുതവണ മത്സരിച്ചിട്ടുണ്ട്. ടെൻഷനില്ല. ടെൻഷനെക്കാൾ ആവേശമാണ്. ജനങ്ങളുടെ സ്നേഹം അവർ വോട്ടായി നൽകും.
ജി.എസ്. ആശാനാഥ് ചിറയിൻകീഴ്
എൻ.ഡി.എ
ഒരു ടെൻഷനുമില്ല. മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് വോട്ടെടുപ്പിനെ നേരിടുന്നത്. മണ്ഡലത്തിൽ മത്സരമില്ലെന്നും, വിജയം ഉറപ്പാണെന്നും വോട്ടർമാർ ഇങ്ങോട്ട് പറയുകയാണ്.
എം.എസ്.അരുൺകുമാർ , മാവേലിക്കര,എൽ.ഡി.എഫ്
ഒരു ആശങ്കയുമില്ല. പ്രചാരണത്തിന്റെ അവസാന നിമിഷത്തിലും ആവേശം ഒരു തരിപോലും കുറഞ്ഞിട്ടില്ല. സ്വന്തം നാട്ടുകാരാണ് വിധി എഴുതുന്നത്. പിന്നെന്തിന് ഭയക്കണം.
അരിത ബാബു,കായംകുളം,
യു.ഡി.എഫ്
പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആദ്യമാണെങ്കിലും അതിന്റെ സമ്മർദ്ദം ഒട്ടുമില്ല.മെഡിക്കൽ വിദ്യാഭ്യാസ കാലത്ത് കോളേജ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ ഞാൻ ആറര ക്കൊല്ലമായി ജനങ്ങൾക്കിടയിൽ തന്നെയുണ്ട്.
ഡോ. പി.സരിൻ, ഒറ്റപ്പാലം, യു.ഡി.എഫ്
രാഷ്ട്രീയവും തിരഞ്ഞെടുപ്പും ഒരു പുതിയ അനുഭവമല്ല. പക്ഷേ, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആദ്യമാണ്. ദീർഘകാലം എന്റെ അച്ഛനെ ( കെ. അച്യുതൻ ) വിജയിപ്പിച്ച് നിയമസഭയിലേക്ക് എത്തിച്ച ജനതയാണ് ചിറ്റൂരിലേത്.
സുമേഷ് അച്യുതൻ ,ചിറ്റൂർ,യു.ഡി.എഫ്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമാണെങ്കിലും യാതൊരു പരിഭ്രമവുമില്ല. എതിർസ്ഥാനാർത്ഥികൾ യുവാക്കളാണെങ്കിലും ഈ മത്സരത്തിൽ അവരെ ബഹുദൂരം പിന്നിലാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്.
ഇ.ശ്രീധരൻ ,പാലക്കാട്,എൻ.ഡി.എ
ടെൻഷനില്ല. ആദ്യമായാണ് പൊതുരംഗത്ത് വരുന്നതെങ്കിലും തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങുമ്പോൾ ആശങ്കയൊന്നുമുണ്ടായിട്ടില്ല.
ഷെൽന നിഷാദ്,എൽ.ഡി.എഫ്,ആലുവ
കന്നിമത്സരമാണെങ്കിലും ആശങ്കയില്ല. എന്നാൽ ഏറെ ആകാംക്ഷയോടെ തന്നെയാണ് ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്ന നിലയിൽ വലിയ അഭിമാനമാണ് തോന്നുന്നത്.
എം.വിജിൻ ,കല്ല്യാശ്ശേരി ,
എൽ.ഡി.എഫ്
ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നതിന്റെ ആശങ്കയോ ടെൻഷനോ ഇല്ല.നൂറു ശതമാനം വിജയപ്രതീക്ഷയുണ്ട്.ഇതൊരു പുതിയ അനുഭവമാണ്.
സച്ചിൻ ദേവ്,ബാലുശ്ശേരി ,എൽ.ഡി.എഫ്
ഒരു ടെൻഷനുമില്ല.സീരിയൽ രംഗത്ത് നിന്ന് സ്ഥാനാർത്ഥിയിലേക്കുള്ള വേഷപ്പകർച്ച. എങ്ങനെയാകുമെന്ന് ആദ്യം ആശങ്കപ്പെട്ടിരുന്നു. പക്ഷേ മണ്ഡലത്തിലെത്തിയപ്പോൾ വോട്ടർമാരിൽ നിന്ന് ലഭിച്ച സ്നേഹം പറഞ്ഞറിയിക്കാനാകാത്തതാണ്.
വിവേക് ഗോപൻ,ചവറ,എൻ.ഡി.എ
ചവറയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നപ്പോൾ ചികിത്സയ്ക്ക് എത്തുന്നവരിൽ ഭൂരിഭാഗവും തദ്ദേശീയരായിരുന്നു. ആത്മവിശ്വാസമുള്ളപ്പോൾ എന്തിന് ടെൻഷൻ.
ഡോ. സുജിത്ത് വിജയൻപിള്ള,
ചവറ,എൽ.ഡി.എഫ്
പ്രചാരണ രംഗത്തേക്ക് ഇറങ്ങിയത് ആകാംക്ഷയോടെയായിരുന്നെങ്കിലും ടെൻഷനുണ്ടായിരുന്നില്ല. പാർട്ടിയിൽ നിന്നും വലിയ പിന്തുണ ലഭിച്ചു.
കെ.എം.അഭിജിത്ത് ,കോഴിക്കോട് നോർത്ത് ,യു.ഡി.എഫ്
സ്ഥാനാർത്ഥിയാവുന്നത് ആദ്യമാണെന്നേയുള്ളൂ. തിരഞ്ഞെടുപ്പ് രംഗത്ത് നല്ല പ്രവർത്തനപരിചയമുണ്ട്. അതുകൊണ്ട് ടെൻഷനില്ല.തിരഞ്ഞെടുപ്പുകളിൽ കമ്മിറ്റി ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു.
ധർമ്മജൻ ബോൾഗാട്ടി,ബാലുശേരി,യു.ഡി.എഫ്