പ്രതിസന്ധികളിലും നാടിനെ മുന്നോട്ടുനയിച്ച സർക്കാരിന്റെ വികസനക്ഷേമ നേട്ടങ്ങളുടെ തുടർച്ചയ്ക്കാണ് വോട്ട്. മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പി ഭരണം കടുത്ത വെല്ലുവിളി ഉയർത്തുമ്പോൾ അതിനെതിരായ രാജ്യത്തിന്റെ ചെറുത്തുനിൽപ്പിന് കേരളത്തിലെ ഇടതുപക്ഷ വിജയം അനിവാര്യമാണ്. നാടിന്റെ വികസനപ്രശ്നങ്ങളോ രാജ്യം നേരിടുന്ന പ്രതിസന്ധികളോ ചർച്ച ചെയ്യാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തയ്യാറായില്ല.
എ.വിജയരാഘവൻ,
എൽ.ഡി.എഫ് കൺവീനർ
അഴിമതിയിൽ നിന്ന് കേരളത്തെ രക്ഷിക്കാം
കേരളത്തിന്റെ സമസ്ത മേഖലകളേയും നശിപ്പിച്ച ഏകാധിപത്യ സ്വഭാവമുള്ള ഇടതുസർക്കാരിൽ നിന്ന് കേരളത്തെ മോചിപ്പിച്ച് സദ്ഭരണം കെട്ടിപ്പടുക്കണം. അഞ്ചു വർഷവും കേരളത്തെ അഴിമതിയിൽ മുക്കുകയും സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും തകർക്കുകയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടി മെതിച്ച് വിശ്വാസികളുടെ മനസിൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിക്കുകയും ചെയ്ത ഭരണമായിരുന്നു ഇവിടെ.
രമേശ് ചെന്നിത്തല,
യു.ഡി.എഫ് ചെയർമാൻ,പ്രതിപക്ഷനേതാവ്
കേരളത്തെ രക്ഷിക്കാൻ
കഴിഞ്ഞ 65 വർഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇരുമുന്നണികളും കേരളത്തിന്റെ സമഗ്ര വികസനത്തിന് ഒന്നും ചെയ്തില്ല. കേന്ദ്രസർക്കാർ ആവിഷ്കരിച്ച ജനോപകാരപ്രദമായ നടപടികളുടെ ഗുണഫലം പോലും പലപ്പോഴും സംസ്ഥാന സർക്കാരുകളുടെ നിലപാട് മൂലം കേരളീയർക്ക് അനുഭവിക്കാൻ കഴിയില്ല. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുകയും കൂടുതൽ പശ്ചാത്തല വികസന പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്താലേ കേരളം രക്ഷപ്പെടൂ. ഇതിന് എൻ.ഡി.എ വരണം.
കേന്ദ്രമന്ത്രി വി. മുരളീധരൻ,
കൺഫ്യൂഷൻ വേണ്ട...
ഞാൻ ബൂത്തിലെത്തുമ്പോൾ മറ്റൊരാൾ എന്റെ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ എന്ത് ചെയ്യണം?
അയാൾക്ക് ‘ടെൻഡർ വോട്ട്’ ചെയ്യാം. വോട്ടുചെയ്യാനെത്തിയ വ്യക്തി പ്രിസൈഡിംഗ് ഓഫീസറുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയും ആധികാരികത തെളിയിക്കുന്ന രേഖകൾ ഹാജരാക്കുകയും ചെയ്താലാണ് ടെൻഡർ വോട്ടിന് അനുമതി നൽകുക. ഇതിനായി ടെൻഡർ ബാലറ്റ് റിട്ടേണിംഗ് ഓഫീസർ നൽകും. അതിൽ സ്ഥാനാർത്ഥികളുടെ പേര്, ചിഹ്നം എന്നിവയുണ്ടാകും. ഇതിൽ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്താം. ഈ ബാലറ്റ് റിട്ടേണിംഗ് ഓഫീസർ പ്രത്യേക കവറിൽ സൂക്ഷിക്കും. ഈ വോട്ട് എണ്ണില്ല. വോട്ടെടുപ്പിനെപ്പറ്റി കോടതിയിൽ കേസുണ്ടായാൽ അവിടെ ഇത് സമർപ്പിക്കും. കോടതിക്ക് യുക്തമായ തീരുമാനമെടുക്കാം.
ഇത്തവണ വി വി പാറ്റ് മെഷീൻ ഉണ്ടോ?
ഉണ്ട്. വോട്ടു ചെയ്ത സ്ഥാനാർത്ഥിക്ക് തന്നെയാണോ അതു ലഭിച്ചതെന്ന് പരിശോധിക്കാനാണ് വിവിപാറ്റ് മെഷീനുകൾ. സ്ഥാനാർത്ഥിയുടെ ക്രമനമ്പരും പേരും ചിഹ്നവുമാണ് വിവിപാറ്റ് മെഷീനിൽ തെളിയുക.
തെർമൽ സ്കാനിംഗിൽ താപനില കൂടിയാൽ
എങ്ങനെ വോട്ട് ചെയ്യും?
അങ്ങനെയുള്ളവർക്ക് 6 ന് ശേഷം വോട്ട് ചെയ്യാം. ഇതിന് കൊവിഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.പി.പി.ഇ കിറ്റും ധരിക്കേണ്ട.
എല്ലാവരെയും തെർമൽ സ്കാനിംഗ് വഴി പരിശോധന നടത്തിയായിരിക്കും ബൂത്തിലേക്ക് പ്രവേശിപ്പിക്കുക.
ബൂത്തിൽ പേന കൊണ്ടുപോകണോ?
രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതിന് ബൂത്തിൽ പേന സജ്ജമാണെങ്കിലും സുരക്ഷയ്ക്കായി പേന കൊണ്ടുപോകുന്നത് നല്ലതാണ്. കാരണം നമുക്ക് മുമ്പും ശേഷവും നിരവധിപേർ ആ പേന ഉപയോഗിക്കാം.കൊവിഡ് സാഹചര്യത്തിൽ ഇത് സുരക്ഷിതമല്ല.
ഗുരുതര രോഗങ്ങളുള്ളവർക്ക് എപ്പോൾ വോട്ട് ചെയ്യാം?
ഗുരുതര രോഗമുള്ളവർ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.പനി, തുമ്മൽ, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ മാത്രം വോട്ട് ചെയ്യാൻ പോകുക.