election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളിൽ മോക്ക് പോളിംഗ് ആരംഭിച്ചു. കൃത്യം ഏഴുമണിക്ക് പോളിംംഗ് തുടങ്ങും. വൈകിട്ട് ഏഴുവരെയാണ് വോട്ടെടുപ്പ്. ഏഴുമണിവരെ ബൂത്തിലെത്തുന്നവർക്കെല്ലാം വോട്ട് രേഖപ്പെടുത്താൻ അവസരം നൽകും. ഒരു കോടി 41 ലക്ഷം സ്ത്രീ വോട്ടർമാരും ഒരു കോടി 32 ലക്ഷം പുരുഷവോട്ടർമാരും 290 ട്രാൻസ് ജെൻഡേഴ്സുമാണ് സംസ്ഥാനത്തെ വോട്ടർ പട്ടികയിലുളളത്.

40,771 പോളിംഗ് ബൂത്തുകളാണ് ആകെയുളളത്. 60,000 പൊലീസുകാരേയും 140 കമ്പനി കേന്ദ്രസേനയേയുമാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുളളത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പിനുളള ക്രമീകരണങ്ങൾ. അവസാന ഒരു മണിക്കൂർ കൊവിഡ് ബാധിതർ, ക്വാറന്റീനിലുളളവർ എന്നിവർക്കായി മാറ്റിവയ്‌ക്കും. ഇരട്ട വോട്ട് വിവാദത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കളളവോട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.