ന്യൂഡൽഹി: ലാവ്‌ലിൻ അഴിമതി കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. നിർണായകമായ തിരഞ്ഞെടുപ്പ് ദിവസമാണ് കോടതിക്ക് മുന്നിൽ കേസെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുളളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്‌ത് സി ബി ഐ നൽകിയ അപ്പീൽ ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ഹർജി ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്‌ക്കണമെന്നാവശ്യപ്പെട്ട് എതിർ കക്ഷികളിലൊരാളായ എ ഫ്രാൻസിസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കോടതി അംഗീകരിച്ചാൽ കേസ് വീണ്ടും മാറ്റും. ഇതുവരെ 26 തവണ കേസ് വാദം കേൾക്കാതെ മാറ്റിയിട്ടുണ്ട്. ഭൂരിഭാഗവും സി ബി ഐയുടെ ആവശ്യപ്രകാരമായിരുന്നു മാറ്റിവയ്‌ക്കൽ. ഇന്ന് വാദം ആരംഭിക്കാൻ കോടതി തീരുമാനിച്ചാൽ കേരളം പോളിംഗ് ബൂത്തിലെത്തുന്ന ദിവസം ലാവ്‌ലിൻ കേസ് സജീവ ചർച്ച വിഷയമായി മാറും.