election

തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സജ്ജീകരിച്ച 40,771 ബൂത്തുകളിലും വെളുപ്പിന് തന്നെ മോക്ക് പോളിംഗ് നടന്നിരുന്നു. മോക്ക് പോളിംഗിൽ ഒരു വോട്ടിംഗ് യന്ത്രത്തിൽ 50 വോട്ടുകളെങ്കിലും രേഖപ്പെടുത്തി എണ്ണി തിട്ടപ്പെടുത്തിയശേഷം യന്ത്രം ക്ലിയർ ചെയ്ത് സീൽ ചെയ്‌തു. ഇതിനു ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

മോക് പോളിംഗിൽ നാലിടത്താണ് ഇതുവരെ വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയിരിക്കുന്നത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്‌കൂളിലെ 107ആം നമ്പർ ബൂത്ത്, കാസർകോട് കോളിയടുക്കം ഗവ യു പി സ്‌കൂളിലെ 33ആം നമ്പർ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സി കെ എം എൽ എൽ പി സ്‌കൂളിൽ 95ആം ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത്.

തൃപ്പൂണിത്തുറ പാലസ് സ്‌കൂളിൽ വൈദ്യുതി തടസം മൂലം മോക് പോളിംഗ് വൈകുകയാണ്. നിയമസഭയിലേക്കുളള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുളള ജനവിധിയാണിത്.

കൊവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 957 സ്ഥാനാർത്ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. വൈകുന്നേരം ഏഴ് മണിവരെയാണ് വോട്ടെടുപ്പ്.