k-surendran

കോഴിക്കോട്: എൻ ഡി എയെ സംബന്ധിച്ച് നിർണായകമായ തിരഞ്ഞെടുപ്പാണ് ഇതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ എൻ ഡി എ കാലുറപ്പിക്കുന്ന തിരഞ്ഞെടുപ്പാകും ഇത്. മുന്നണിയുടെ ശക്തമായ കുതിച്ചു ചാട്ടത്തിന് വേദിയാകുന്ന തിരഞ്ഞെടുപ്പ് ഫലമായിരുക്കും ഉണ്ടാവുക. കഴിഞ്ഞതവണ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും സി പി എമ്മും കോൺഗ്രസും പരീക്ഷിച്ച തന്ത്രം നേരിടാൻ ബി ജെ പി ഇത്തവണ നേരത്തെ ഒരുക്കങ്ങൾ നടത്തിയിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

ബി ജെ പി വോട്ടു കച്ചവടം നടത്തുന്നുവെന്ന് ഇരുമുന്നണികളും പറയുന്നതിന് കാരണം അവരുടെ രാഷ്ട്രീയ പാപ്പരത്തമാണ്. ബി ജെ പിയുടെ സാദ്ധ്യത സംസ്ഥാനത്ത് ശക്തമാവുകയാണ്. സ്ഥാനാർത്ഥികളില്ലാത്ത മൂന്ന് മണ്ഡലങ്ങളിലും പ്രവർത്തകർക്ക് ശക്തമായ സന്ദേശം പോയിട്ടുണ്ട്. വർഗീയ അജണ്ടകൾക്കെതിരെ എൽ ഡി എഫിലേയും യു ഡ‌ി എഫിലേയും വോട്ടർമാർ തന്നെ മാറി ചിന്തിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബാലുശേരി മണ്ഡലത്തിലെ മൊടക്കല്ലൂർ എ യു പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.