കോട്ടയം: സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവർക്ക് വോട്ടുചെയ്യണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായർ. ഈ നാടിന്റെ അവസ്ഥ അതാണ്. അത് ജനങ്ങൾ മനസിലാക്കി ഒരു നല്ല സർക്കാർ, ജനങ്ങൾക്ക് സ്വൈര്യവും സമാധാനവും നൽകുന്ന സർക്കാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് സുകുമാരൻ നായർ പറഞ്ഞു. വാഴപ്പളളി സെന്റ് തെരേസാസിൽ രാവിലെ വോട്ടുരേഖപ്പെടുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ.
ഇവിടെ പ്രധാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന അഭിപ്രായമാണ് തനിക്കുളളത്. ആ മൂല്യങ്ങൾ സംരക്ഷിക്കാൻ ജനങ്ങൾ മുൻകൈ എടുക്കും എന്നാണ് പ്രതീക്ഷ. ഈ തിരഞ്ഞെടുപ്പ് അതിന് ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു. വിശ്വാസികളുടെ പ്രതിഷേധത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. കുറവ് സംഭവിച്ചു കാണണമെന്ന് ആരും ആഗ്രഹിച്ചിട്ടില്ല. അതിന്റെ പ്രതികരണം തീർച്ചയായിട്ടും ഉണ്ടാകുമെന്നും സുകുമാരൻ നായർ പറഞ്ഞു.
ഭരണമാറ്റം വേണമോയെന്ന് ജനങ്ങൾ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്നാണ് താൻ മനസിലാക്കുന്നത്. അത് ജനങ്ങൾ ജനഹിതം അനുസരിച്ച് ചെയ്യട്ടെ. അതേപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.