ramesh-chennithala

ആലപ്പുഴ: ഏകാധിപത്യത്തിനും അഹങ്കാരത്തിനും ധാർഷ്‌ട്യത്തിനുമെതിരായി കേരളം ഉണർന്നെഴുന്നേൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല അടക്കമുളള കാര്യങ്ങൾ ചർച്ചയാകുമെന്നും, ജനവിരുദ്ധ നയങ്ങളും അഴിമതിയും വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷം ഉയർത്തിക്കൊണ്ട് വന്ന ആരോപണങ്ങൾ സത്യമാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.

യു ഡി എഫ് തരംഗം കേരളത്തിൽ ആഞ്ഞ് വീശുകയാണ്. എൽ ഡി എഫ് കടപുഴകി പോകും. ബി ജെ പിക്കാരുടെ അഡ്രസ് ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ രാവിലത്തെ പ്രസ്‌താവനയെ കുറിച്ച് ചോദിച്ചപ്പോൾ നിരീശ്വരവാദിയായ മുഖ്യൻ അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്നാണോ ഇതിൽ നിന്ന് മനസിലാക്കേണ്ടത് എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അയ്യപ്പ ഭക്തന്മാരുടെ വികാരങ്ങളെ മുറിവേൽപ്പിച്ച ഗവൺമെന്റിന് ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.