mercykutty-amma

കുണ്ടറ : ആഴക്കടൽ മത്സ്യബന്ധന വിഷയത്തിലൂടെ മാദ്ധ്യമശ്രദ്ധ നേടിയ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഇടത് സർക്കാരിനെ പ്രതിരോധത്തിലാക്കിയ ആഴക്കടൽ വിഷയത്തിൽ സർക്കാർ കരാർ നേടാൻ ശ്രമിച്ച ഇഎംസിസി ഡയറക്ടർ കുണ്ടറയിൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്നുണ്ട്. അതേസമയം ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തെന്ന മന്ത്രിയുടെ വാദത്തെ പൊലീസ് തള്ളിപ്പറഞ്ഞതും ശ്രദ്ധേയമായി.

കുണ്ടറയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷിജു വർഗീസ് ശ്രമിച്ചുവെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ഷിജു വർഗീസ് രാവിലെ നടത്തിയെന്നും പൊലീസ് ഇടപെട്ടാണ് ഇത് തടഞ്ഞതെന്നും മേഴ്സിക്കുട്ടിയമ്മ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. പെട്രോൾ കൊണ്ടുവന്ന് സ്വയം ഒഴിച്ചുകത്തിക്കാൻ ഷിജു ശ്രമിച്ചതായും കാറിൽ നിന്ന് കുപ്പിയിൽ പെട്രോൾ കണ്ടെത്തിയെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ കസ്റ്റഡിയിൽ എടുത്തുവെന്നത് ശരിയല്ലെന്നും മൊഴിയെടുക്കുക മാത്രമാണുണ്ടായതെന്നു മാണ് പൊലീസ് അറിയിക്കുന്നത്.

ഇന്ന് രാവിലെ അഞ്ചരയോടെ താൻ സഞ്ചരിച്ച വാഹനത്തിന് നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായെന്ന പരാതിയുമായാണ് ഷിജു പൊലീസിനെ സമീപിച്ചതെന്നും ഇയാൾ പ്രതിയല്ലെന്നുമാണ് പൊലീസ് ഭാഷ്യം. കാറിൽ നിന്നും പെട്രോൾ നിറച്ച കുപ്പി കണ്ടെത്തിയെന്ന മന്ത്രിയുടെ വാദവും പൊലീസ് തള്ളി.