vijayaraghavan

തൃശൂർ/കണ്ണൂർ: കേരള വികസനത്തിൽ ശുഭ പ്രതീക്ഷയുളള എല്ലാ ജനങ്ങളും ഇടത് സർക്കാരിന് ഒപ്പം നിൽക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത് മികച്ച സംഘടനാ സംവിധാനങ്ങളാണ്. മതേതരത്വവും ബഹുസ്വരതയും ആഗ്രഹിക്കുന്നവർ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ നെഗറ്റീവ് രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത് സംസ്ഥാനത്ത് ഉണ്ടാകും. പിണറായി സർക്കാരിന് തുടർ ഭരണം ഉറപ്പെന്നും എ വിജയരാഘവൻ പറഞ്ഞു. തൃശൂർ മണ്ഡലത്തിലാണ് എ വിജയരാഘവൻ വോട്ട് രേഖപ്പെടുത്തിയത്.

മഹാഭൂരിപക്ഷത്തോടെ എൽ ഡി എഫ് തുടർ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വികസന തുടർച്ചയ്‌ക്ക് ജനങ്ങൾ പിന്തുണ നൽകുമെന്നും മന്ത്രി പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം നേടിക്കൊണ്ട് എൽ ഡി എഫ് വമ്പിച്ച വിജയത്തിലേക്ക് വരും. നൂറിനടുത്ത് തന്നെ സീറ്റ് നേടാൻ എൽ ഡി എഫിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് പ്രതീക്ഷിച്ച പോലെ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്നും മന്ത്രി പറയുന്നു. എന്നാൽ ചിലയിടങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഇനിയുളള ദിവസങ്ങളിൽ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.