kodiyeri-balakrishnan

കണ്ണൂർ: നൂറിലധികം സീറ്റുകളുടെ ചരിത്രവിജയം സ്വന്തമാക്കി ഇടതുപക്ഷം തുടർഭരണം നേടുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. ഇത്തവണ ചരിത്രവിജയമാണ് ഇടതുമുന്നണിക്ക് ലഭിക്കുക. എല്ലാ ജില്ലകളിലും എൽ ഡി എഫിന് അനുകൂലമായ മാറ്റമാണ് കാണുന്നതെന്നും മുൻ കാലങ്ങളിൽ ഇടതിനോട് അനൂകൂല നിലപാട് പ്രകടിപ്പിക്കാത്തിടങ്ങളും ഇത്തവണ ഇടതിനൊപ്പമാണെന്നും കോടിയേരി പറഞ്ഞു.

ബി ജെ പിയുമായോ ജമാഅത്ത് ഇസ്ലാമിയുമായോ ഇടതുപക്ഷത്തിന് ധാരണയോ നീക്കുപോക്കോ ഇല്ല. വർഗീയ ശക്തികൾക്ക് എതിരെയുളള മതനിരപേക്ഷ ശക്തിയാണ് ഇടതുപക്ഷമെന്നും കോടിയേരി പറഞ്ഞു. എല്ലാ മതവിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പ് വരുത്തിയത് ഇടതുപക്ഷ സർക്കാരാണ്. ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇത്തവണ എല്ലാവോട്ടും ഇടതുപക്ഷത്തിനാകുമായിരുന്നു. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസനം നടത്തിയത് ഈ സർക്കാരാണെന്നും കോടിയേരി പറഞ്ഞു.

വിശ്വാസികൾ കൂട്ടത്തോടെ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാനെത്തുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കോടിയേരി ജൂനിയർ ബേസിക് സ്‌കൂളിൽ ഭാര്യ വിനോദിനി ബാലകൃഷ്‌ണനും ബിനോയ് കോടിയേരിക്കും ഒപ്പം വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.