oommenchandi

പുതുപ്പള്ളി : ശബരിമല വിഷയം തിരഞ്ഞെടുപ്പ് ദിവസവും ഉയർത്തിക്കാട്ടി ഉമ്മൻചാണ്ടിയും രംഗത്തെത്തി. നിയമവിരുദ്ധമായ ഇടപെടലുകൾ നിരന്തരം നടത്തി എവിടെ വരെ പോകാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടത് സർക്കാർ എന്ന് അഭിപ്രായപ്പെട്ട ഉമ്മൻ ചാണ്ടി, കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ തന്നെ കോൺഗ്രസിന് ശക്തിയും ആവേശവുമായി മാറുമെന്നും അഭിപ്രായപ്പെട്ടു. വോട്ട് രേഖപ്പെടുത്തിയ ശേഷം പിണറായി പറഞ്ഞത് ആരു വിശ്വസിക്കും എന്ന് ചോദിച്ച ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പിൽ ജനങ്ങളെ ഭയന്നാണ് യു ടേൺ സ്വീകരിച്ചിരിക്കാൻ സർക്കാർ നിർബന്ധിതമായതെന്നും അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിയിൽ യുവതീപ്രവേശനത്തെ അനുകൂലിച്ച് സർക്കാർ സമർപ്പിച്ച സത്യവാംഗ്മൂലം ഇനിയും പിൻവലിക്കാൻ പിണറായി തയ്യാറായിട്ടില്ല. സുപ്രീം കോടതിയിൽ ആചാരങ്ങൾ സംരക്ഷിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ എതിർത്തവരാണ് സർക്കാർ എന്നും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് സത്രീകളെ വീട്ടിൽ ചെന്ന് പൊലീസ് സംരക്ഷണയോടെ ശബരിമലയിൽ എത്തിച്ചുവെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. ഇത് കൂടാതെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് നവേത്ഥാനത്തിന്റെ പേരിൽ വനിതാമതിൽ നിർമ്മിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് ദിവസത്തെ പിണറായിയുടെ നിലപാട് ഏവരെയും അത്ഭുതപ്പെടുത്തു ന്നതാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

എൻ എസ് എസ് എക്കാലത്തും ഒരേ നിലപാടാണ് ശബരിമലയെക്കുറിച്ച് സ്വീകരിച്ചിരുന്നത്, ഇതിനെ എതിർത്ത മുഖ്യമന്ത്രി ഇന്ന് എൻ എസ് എസ് നിലപാടിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയത് ജനം തിരഞ്ഞെടുപ്പിൽ പ്രതികാരം ചെയ്യും എന്ന് കരുതി മാത്രമാണ്. ഇന്ന് ദേവഗണങ്ങൾ തങ്ങൾക്കൊപ്പമാണെന്ന പിണറായിയുടെ പ്രസ്താവനയെയും ഉമ്മൻചാണ്ടി ചോദ്യം ചെയ്തു. ഇന്നലെ ഇവരൊക്കെ ആർക്കൊപ്പമായിരുന്നു എന്നാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ്മൻചാണ്ടി ചോദിച്ചത്.


ജാതി മതഭേദമന്യേ അയ്യപ്പനും ശബരിമലയും കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. ഏറ്റവും ഒടുവിൽ ദേവസ്വം വകുപ്പ് മന്ത്രി ഖേദം പ്രകടിപ്പിച്ചപ്പോൾ മുഖ്യമന്ത്രി അതിനെ തിരുത്തിയതെന്തിനെന്നും ഉമ്മൻചാണ്ടി ചോദിച്ചു. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ നിയമപരമായി ശബരിമലയെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം യു ഡി എഫിന് നല്ലവിജയം ഉണ്ടാവും എന്ന് നേരത്തേ ബോദ്ധ്യമുള്ളതിനാലാണ് പുറത്തിറങ്ങിയ സർവേകളിലൊന്നും ആശങ്കപ്പെടാതിരുന്നതെന്നും അഭിപ്രായപ്പെട്ടു. കുടുംബസമേതമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.