തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാമി അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് ഖേദംപ്രകടിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
'ആദ്യഘട്ടത്തിൽ തെറ്റ് പറ്റിപ്പോയെന്നും, വിധി നടപ്പിലാക്കാൻ എടുത്തുചാടി ശബരിമല സന്നിധാനം അശുദ്ധമാക്കിയതിന് എന്നോടും സർക്കാരിനോടും ക്ഷമിക്കണമെന്നും പറയാൻ പിണറായി തയ്യാറാകണം. അദ്ദേഹം ഖേദപ്രകടിപ്പിക്കണം. എങ്കിൽ പിണറായി ഇപ്പോൾ അയ്യപ്പനെ ഓർക്കുന്നതിൽ ആത്മാർത്ഥതയുണ്ടെന്ന് പറയാം. അല്ലെങ്കിൽ ഇതൊക്കെ കാപട്യമാണെന്നും' ആന്റണി പറഞ്ഞു.
സ്വാമി അയ്യപ്പനടക്കമുളള ദേവഗണങ്ങളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ദിനത്തിൽ ശബരിമലയും സ്വാമി അയ്യപ്പനും ചർച്ചയായത്.