ന്യൂഡൽഹി: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യത്ത് 24 മണിക്കൂറിനിടെ 96,982 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചത് 1,26,86,049 ആയി. 446 പേരാണ് ഇന്ന് മരണമടഞ്ഞതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. ഇതുവരെ മരണസംഖ്യ 1,65,547 പേരാണ്. ആക്‌ടീവ് കേസുകളുടെ എണ്ണം 7,88,223 ആണ്. ഇന്ന് രോഗമുക്തി നേടിയത് 50,143 പേരാണ്. പരിശോധന നിരക്ക് കുറഞ്ഞതാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇന്നലത്തേതിലും കുറയാൻ കാരണം എന്നാണ് റിപ്പോർട്ട്.
1,03,558 പേർക്കാണ് തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചത്.
വ്യാഴാഴ്‌ച രാജ്യത്തെ കൊവിഡ് സാഹചര്യങ്ങൾ മുഖ്യമന്ത്രിമാരുമായും ആരോഗ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിയാലോചന നടത്തും.കൊവിഡ് വാക്‌സിനേഷനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും.
കൊവിഡ് വ്യാപനം ശക്തമായ മഹാരാഷ്‌ട്ര, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ എല്ലാ പ്രായത്തിലുളളവർക്കും വാക്‌സിൻ ലഭ്യമാക്കണമെന്ന് ആവശ്യമുണ്ട്. നിലവിൽ 45 വയസിന് മുകളിലുളളവർക്കാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. രാജ്യത്ത് പ്രതിദിന കണക്കിൽ ഏറ്റവുമധികം കൊവിഡ് രോഗികളുണ്ടായിരുന്നത് ഇന്നലെയാണ്.
കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മഹാരാഷ്‌ട്ര,ഛത്തീസ്ഗഢ്, കർണാടകം, ഉത്തർ പ്രദേശ്, ഡൽഹി, തമിഴ്‌നാട്,മദ്ധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ സ്‌കൂളുകൾ അടയ്‌ക്കുന്നതുൾപ്പടെ നടപടികൾ സ്വീകരിച്ചു. ഡൽഹിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ അവശ്യ സർവീസുകളല്ലാതെ അനുവദിക്കില്ല. ഏപ്രിൽ 30 വരെയാണ് നിയന്ത്രണം. 3548 പേർക്കാണ് ഇന്ന് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 15 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. അതേസമയം രാജ്യത്ത് ആകെ എട്ട് കോടി കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.