ചെന്നൈ: സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങി തമിഴ് സൂപ്പർതാരം അജിത്ത്. വോട്ട് രേഖപ്പെടുത്തുന്നതിനായി തിരുവൺമിയൂർ മണ്ഡലത്തിൽ എത്തിയതായിരുന്നു താരം. ഭാര്യ ശാലിനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കാൻ ഒരുങ്ങവെ, ആരാധകരിലൊരാൾ അജിത്തിന്റെ സെൽഫിയെടുക്കാൻ ശ്രമിച്ചു. പെട്ടെന്ന് ഫോൺ പിടിച്ചു വാങ്ങി കൈയിൽ വയ‌്ക്കുകയായിരുന്നു താരം. വീണ്ടും ആരാധകർ തിരക്ക് കൂട്ടിയതോടെ എല്ലാവരോടും മാറി നിൽക്കാൻ ദേഷ്യത്തോടെ പറയേണ്ടിയും വന്നു തലയക്ക്.
അനുചിതമായ സാഹചര്യങ്ങളിൽ പ്രതികരിക്കാൻ തന്നെ നിർബന്ധിക്കരുതെന്ന് മുമ്പും അജിത്ത് ആരാധകരോട് പറഞ്ഞിട്ടുണ്ട്. പുതിയ ചിത്രമായ 'വാലിമൈ'യുമായി ബന്ധപ്പെട്ടായിരുന്നു അത്. ക്രിക്കറ്റ് സറ്റേഡിയത്തിൽ വച്ച് വാലിമൈയുടെ ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവയ‌്‌ക്കാമോ എന്ന് ഒരു ആരാധകൻ ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു അനാവശ്യ ചോദ്യങ്ങൾ അനുചിതമായ സാഹചര്യങ്ങളിൽ തന്നോട് ചോദിക്കരുതെന്ന് അജിത്ത് നിർദേശിച്ചത്.