pinarayi-vijayan-

തിരുവനന്തപുരം : 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സർക്കാരിന് കനത്ത തിരിച്ചടി നൽകി പത്തൊൻപത് സീറ്റിലും തോൽവിയുടെ കയ്‌പുനീര് കുടിപ്പിച്ചത് ശബരിമല യുവതീ പ്രവേശന വിഷയമായിരുന്നു. എന്നാൽ വിഷയത്തിൽ എൽ ഡി എഫ് നിലപാട് മയപ്പെടുത്തുകയും അപ്രതീക്ഷിതമായി സ്വപ്നസുരേഷ് ഉൾപ്പെട്ട സ്വർണക്കടത്ത് കേസും, സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും കൂടിയായപ്പോൾ കഴിഞ്ഞ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമലയേക്കാളും സ്വർണക്കടത്ത് വിഷയം കേന്ദ്രീകരിച്ച് സർക്കാരിനെ ആക്രമിക്കുവാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചത്. ഒരു വേള സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളിൽ നിന്നും മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഒഴിവാക്കി വരെ പ്രചാരണം സി പി എമ്മിന് നടത്തേണ്ടിവന്നതും ജനവിധി തിരിച്ചടിയാവും എന്ന് കരുതിയാണ്. കേന്ദ്ര ഏജൻസികൾ മനപൂർവം കേസിൽ കുരുക്കാൻ ശ്രമിക്കുന്നു എന്ന് കാട്ടി നിരവധി സമരങ്ങളും സി പി എം നടത്തുകയുണ്ടായി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിന് പിന്തുണ എന്നവണ്ണം മികച്ച വിജയമാണ് എൽ ഡി എഫ് സ്വന്തമാക്കിയത്. ഇതോടെ സ്വർണക്കടത്ത് വിഷയം ഫലിക്കില്ലെന്ന് മനസിലായ പ്രതിപക്ഷം ശബരിമല വിഷയത്തേയും ആചാരങ്ങളേയും കൂട്ടുപിടിക്കുകയായിരുന്നു.

തുടങ്ങിയത് ദേവസ്വം മന്ത്രിയുടെ മാപ്പിൽ

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയം ഇക്കുറി ആരംഭിച്ചത് ദേവസ്വം മന്ത്രിയായ കടകംപള്ളിയുടെ മാപ്പു പറച്ചിലിൽ നിന്നുമാണ്. കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭക്തർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ മാപ്പ് ചോദിച്ചത്. എന്നാൽ ഇത് പാർട്ടി തള്ളുകയായിരുന്നു. ഇതോടെ പ്രതിപക്ഷം കാത്തിരുന്ന സമയം എത്തുകയായിരുന്നു. ശബരിമല വിഷയത്തിൽ യു ടേൺ അടിക്കാൻ സർക്കാർ ഒരുങ്ങുന്നതിലെ പൊരുത്തക്കേടുകളും തുറന്നടിച്ചു. ആചാരങ്ങളെ സംരക്ഷിക്കുന്നെങ്കിൽ കോടതിയിൽ നേരത്തേ നൽകിയ സത്യവാംഗ്മൂലം പിൻവലിക്കാൻ തയ്യാറാവുമോ എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നൽകാൻ ഇനിയും സർക്കാരിനോ ഇടത് പാർട്ടികൾക്കോ ആയിട്ടില്ല.

തിരഞ്ഞെടുപ്പ് ദിവസം വെടിപൊട്ടിച്ചത് എൻ എസ് എസ്

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബോംബുകൾ പൊട്ടുമെന്ന് മുഖ്യമന്ത്രി പ്രവചിച്ചുവെങ്കിലും വെടി പൊട്ടിച്ചത് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരായിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് ജി. സുകുമാരൻ വോട്ട് രേഖപ്പെടുത്തി ഇറങ്ങവേ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനിൽക്കുന്നുണ്ടെന്നുള്ള സുകുമാരൻ നായരുടെ പ്രസ്താവന ഊർജ്ജമായി കണ്ട് കോൺഗ്രസ് നേതാക്കൾ ശബരിമല വിഷയം മുൻനിർത്തി സർക്കാരിനെതിരെ ആക്രമണം ആരംഭിക്കുകയായിരുന്നു.

സുകുമാരൻ നായരുടെ പ്രസ്താവനയോടുള്ള പ്രതികരണവുമായെത്തിയ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഏറെ ചർച്ചയായി. നല്ലകാര്യങ്ങൾ ചെയ്യുന്നവർക്കൊപ്പമാണ് അയ്യപ്പനും ദേവഗണങ്ങളുമെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയം നേടുമെന്നും പ്രതികരിച്ചു. പതിവിന് വിരുദ്ധമായി ശക്തമായ ഭാഷയിലാണ് ഉമ്മൻചാണ്ടി ശബരിമല വിഷയം ഉയർത്തിയത്. തിരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇന്ന് ശബരിമല വിഷയത്തിൽ നിലപാട് മയപ്പെടുത്തിയതെന്ന് അഭിപ്രായപ്പെടുകയും, വനിതാ മതിലിനെയും, യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിച്ചതിനെ കുറിച്ചും ഓർമ്മപ്പെടുത്തുകയും ഉണ്ടായി. കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കളും വിശ്വാസത്തെയും ദൈവങ്ങളെയും കൂട്ടുപിടിച്ചു തിരഞ്ഞെടുപ്പ് ദിവസം വിശ്വാസികളെ കൂടെകൂട്ടാനാണ് ശ്രമിച്ചത്. എല്ലാ വിശ്വാസികളും വിശ്വാസമർപ്പിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്.

എന്നാൽ കാനത്തിന്റെ മറുപടിയിൽ എൻ എസ് എസിനോട് അൽപ്പം അമർഷവും പങ്കുവച്ചിരുന്നു. സുകുമാരൻ നായർക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് അദ്ദേഹം നടത്തിയ പ്രസ്താവനയെന്ന് അഭിപ്രായപ്പെട്ട കാനം ഒരു സമുദായ സംഘടനയും തിരഞ്ഞെടുപ്പ് ദിവസം ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടി. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങി മാദ്ധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കളെല്ലാം സ്വർണക്കടത്തിനെ കൈവിട്ട് ശബരിമല വിഷയത്തിലേക്ക് കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് ഇന്നുണ്ടായത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന സംശയം പോലും ഉയർത്തുന്നുണ്ട്. പ്രതീക്ഷിച്ച വൻ ബോംബ് പൊട്ടിയില്ലെങ്കിലും, വിശ്വാസികളുടെ മനസിൽ അണയാതെ ചാരം മൂടിയ ശബരിമല യുവതീപ്രവേശനവിഷയം കത്തിക്കാൻ പ്രതിപക്ഷത്തിനായോ എന്നറിയാൻ ഫലപ്രഖ്യാപനം വരെ കാത്തിരിക്കാം.