vote

കണ്ണൂർ : വോട്ടിംഗ് തുടങ്ങി മണിക്കൂറുകൾ കഴിയുമ്പോൾ കേരളമെമ്പാടും കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. അതേസമയം ചില സ്ഥലങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. കണ്ണൂർ തളിപ്പറമ്പിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് മർദ്ദനമേറ്റു. ഇവിടെ ബൂത്ത് നമ്പർ 110ൽ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിഞ്ഞതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. കള്ളവോട്ട് ചെയ്യാനെത്തിയയാളെ തിരിച്ചറിഞ്ഞതോടെ വോട്ട് ചെയ്യാൻ പോളിംഗ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഇതേതുടർന്ന് ഇയാൾ മടങ്ങിപ്പോവുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ഇടപെടാനോ കള്ളവോട്ട് ചെയ്യാനെത്തിയയാളെ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയ്യാറായില്ലെന്ന് യു ഡി എഫ് ആരോപിക്കുന്നു. കള്ളവോട്ട് ചെയ്യാനെത്തിയത് സി പി എം പ്രവർത്തകനാണെന്ന് ആരോപിച്ചതിനെ തുടർന്ന് ഒരു സംഘം പ്രവർത്തകർ യു ഡി എഫ് ബൂത്ത് ഏജന്റിനെ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.

തിരുവനന്തപുരത്ത് കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് ബി ജെ പി പ്രവർത്തകർക്ക് മർദ്ദനമേറ്റതായും റിപ്പോർട്ടുകളുണ്ട്. വോട്ടിംഗ് ആരംഭിച്ച് അഞ്ചുമണിക്കൂർ കഴിയുമ്പോൾ 40.1 ശതമാനം ആളുകൾ തങ്ങളുടെ വോട്ടിംഗ് അവകാശം വിനിയോഗിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിക്കുന്ന വിവരം.