കൽപ്പറ്റ : കനത്ത പോളിംഗ് രേഖപ്പെടുത്തി വോട്ടെടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കവേ മിക്കയിടങ്ങളിലും വോട്ടിംഗ് യന്ത്രത്തിലെ തകരാർ ഉദ്യോഗസ്ഥരെയും വോട്ടർമാരെയും വലച്ചു. കൽപ്പറ്റ മണ്ഡലത്തിലെ കണിയാമ്പാറ്റ പഞ്ചായത്തിൽ കോൺഗ്രസിന് നൽകുന്ന വോട്ടുകൾ ബി ജെ പിക്ക് പോവുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇവിടെ കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തിയ മൂന്ന് വോട്ടുകളിൽ രണ്ടെണ്ണം ബി ജെ പിയിലും ഒരെണ്ണം ആന ചിഹ്നത്തിലുമാണ് വി വി പാറ്റിൽ കാണിച്ചത്. ഇതോടെ വോട്ട് രേഖപ്പെടുത്താനെത്തിയവർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
വോട്ടർമാരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായതോടെ പോളിംഗ് താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. കളക്ട്രേറ്റിൽ നിന്നും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ ഉണ്ടായതൊഴിച്ചാൽ സമാധാനപരമായി വോട്ടിംഗ് പുരോഗമിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 44.9 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.