പത്തനംതിട്ട /കോഴിക്കോട്: ആറന്മുള മണ്ഡലത്തിൽ 233ാം നമ്പർ ബൂത്തിൽ സി പി എം-കോൺഗ്രസ് സംഘർഷം. പോളിംഗ് ബൂത്തിന് മുന്നിൽ സി പി എം ഏജന്റ് എൽ ഡി എഫ് ചിഹ്നമുളള കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്‌തതോടെ പ്രശ്‌നം സംഘർഷത്തിലേക്കെത്തുകയും ഇരുകൂട്ടരും തമ്മിൽ ഉന്തും തളളുമുണ്ടാവുകയുമായിരുന്നു.
നാദാപുരത്ത് കളളവോട്ട് ആരോപണവുമായി യു ഡി എഫ് സ്ഥാനാർത്ഥി പ്രവീൺ കുമാർ രംഗത്തെത്തി. പത്താം നമ്പർ ബൂത്തിലെ 286ാം ക്രമനമ്പറിലുളള ആയിഷയുടെ വോട്ടാണ് മറ്റൊരാൾ ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. കളളവോട്ട് നടന്നെന്ന് കാണിച്ച് പ്രവീൺ കുമാർ ജില്ലാ കളക്ടർക്ക് പരാതി നൽകി.
മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ താൻ സന്ദർശനം നടത്തിയെന്നും എന്നാൽ ചില ബൂത്തുകളിൽ തന്നെ സി പി എം പ്രവർത്തകർ തടഞ്ഞെന്നും പ്രവീൺ കുമാർ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ബൂത്തുകളിൽ എത്തി തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥാനാർത്ഥിക്ക് അവകാശമുണ്ടെന്ന കാര്യവും പ്രവീൺ ചൂണ്ടിക്കാണിക്കുന്നു. നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് നേരത്തെ യു ഡി എഫ് ആരോപിച്ചിരുന്നു.
കണ്ണൂരിലെ ആന്തൂരിലും യു ഡി എഫ് സ്ഥാനാർത്ഥിയെ തടഞ്ഞതായി പരാതി ഉയർന്നിട്ടുണ്ട്. 177ാം നമ്പർ ബൂത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥിയെ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞതായി ആരോപണം ഉയർന്നിരിക്കുന്നത്.