തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് നിരക്ക് വർദ്ധിക്കാൻ വഴിയൊരുങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രചാരണമാണ് നടന്നതെങ്കിലും വോട്ടെടുപ്പ് ദിനത്തിൽ സാമൂഹിക അകലം പാലിക്കൽ ഒന്നും തന്നെ നടന്നില്ല. കൊവിഡിന്റെ രണ്ടാം വരവിൽ രാജ്യം പകച്ചു നിൽക്കുന്നതിനിടെ സംസ്ഥാനത്തും വ്യാപനത്തിനുള്ള സാദ്ധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല.
ഇലക്ഷൻ ക്ളസ്റ്റർ
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ ഇലക്ഷൻ ക്ളസ്റ്റർ ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് കണക്ക് കൂട്ടുന്നു. 'ഇലക്ഷൻ ക്ളസ്റ്റർ' വഴിയുള്ള രോഗവ്യാപനം ചെറുക്കാനുള്ള നടപടികളെ കുറിച്ച് സർക്കാരും ആരോഗ്യവകുപ്പും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഓണത്തിനും സമാനമായ രീതിയിൽ രോഗവ്യാപനം ഉണ്ടായിരുന്നു. അന്ന് വലിയ വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്.
കേരളത്തിലെ കൊവിഡ് രോഗികളുടെ വർദ്ധനയുടെ നിരക്ക് ഒരാഴ്ചത്തെ ശരാശരി നിരക്ക് ഇപ്പോൾ 0.17 ശതമാനമാണ്. ഇന്ത്യയിലെ നിരക്കാകട്ടെ 0.32 ശതമാനവും. മുമ്പ് പലപ്പോഴും ഇന്ത്യയിലെ ശരാശരി നിരക്കിനെക്കാൾ ഉയർന്നതായിരുന്നു കേരളത്തിലെ ഒരാഴ്ചത്തെനിരക്ക്. ഇക്കാര്യത്തിൽ പഞ്ചാബിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായത്. 1.07 ശതമാനത്തിന്റെ വളർച്ചയാണ് പഞ്ചാബിലുണ്ടായത്. 0.99 ശതമാനവുമായി മഹാരാഷ്ട്രയും 0.82 ശതമാനം വളർച്ചയുമായി ചണ്ഡിഗഡുമാണ് പിന്നിൽ.
കേരളമൊഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം തന്നെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. മഹാരാഷ്ട്രയിൽ ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ 188 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു മാസത്തെ രോഗികളുടെ വർദ്ധന 300 ശതമാനമാണെന്നാണ് കണക്ക്. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് കൂടാതെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) അഞ്ച് ശതമാനത്തിന് മുകളിലാണ്. ടി.പി.ആർ അഞ്ച് ശതമാനത്തിന് താഴെ നിന്നാൽ മാത്രമെ കൊവിഡ് വ്യാപനം നിയന്ത്രണത്തിലാണെന്ന് പറയാൻ കഴിയൂ.
കേരളത്തിൽ കഴിഞ്ഞ കുറെ ആഴ്ചകളായി കൊവിഡ് രോഗികളുടെ എണ്ണം 1800 നും 2300നും ഇടയിലാണ്. ടി.പി.ആർ ഒരിടവേളയ്ക്ക് ശേഷം അഞ്ച് ശതമാനത്തിന് മുകളിൽ എത്തുകയും ചെയ്തു. നേരത്തെ 3 ശതമാനത്തിനും താഴെയായിരുന്നു നിരക്ക്. ആദ്യഘട്ട വ്യാപനത്തിന് ശേഷം തമിഴ്നാട്ടിലും കർണാടകത്തിലും കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതാണ് കണ്ടത്. എന്നാൽ, അൺലോക്ക് പ്രഖ്യാപിച്ച ശേഷവും അന്തർ സംസ്ഥാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തതിന് ശേഷം കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ യഥാർത്ഥത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടില്ല. ഈ മാസം അവസാനത്തോടെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.