ചേർത്തല : കേരളത്തിൽ തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് ഉണ്ടാവാൻ കാരണം മുമ്പത്തേക്കാൾ വലിയ ത്രികോണ മത്സരം നടക്കുന്നുവെന്ന വിലയിരുത്തലാണ് തനിക്കുള്ളതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ റിസൾട്ട് സർക്കാരിന് അനുകൂലമോ പ്രതികൂലമോ എന്ന് പറയണമെങ്കിൽ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണമാറ്റമുണ്ടാകണമെന്ന സന്ദേശം നൽകിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രതികരണത്തിനും വോട്ടിട്ട് മടങ്ങവേ അദ്ദേഹം മറുപടി നൽകി. സുകുമാരൻ നായരുടേത് അസമയത്തെ പ്രതികരണമായിപ്പോയെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ഈ സമയത്ത് പറയുന്നതിനേക്കാൾ വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുമ്പേ പറയാമായിരുന്നു. എങ്കിൽ അതിന് വേണ്ട ഫലം ലഭിച്ചേനെ. എന്റെ ആഗ്രഹവും അഭിലാഷവും ഇപ്പോൾ പറയില്ല. നേരത്തെ പറയേണ്ടതായിരുന്നു. ഇപ്പോൾ താൻ വോട്ടിലൂടെ പ്രവർത്തിക്കേണ്ട സമയമായിരുന്നു. അത് ചെയ്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.