കൊവിഡ് മഹാമാരി പുതിയ വെല്ലുവിളികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനം നാം ആചരിക്കുന്നത്.
' കൂടുതൽ ആരോഗ്യപൂർണവും നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കാം' എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ തലവാചകം. മഹാമാരി കാരണം സാമ്പത്തികമായും സാമൂഹികമായും ആരോഗ്യപരമായും ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന ലോകത്തിന് ഏറെ പ്രസക്തമായ സന്ദേശമാണിത്.
ഒരു ഘട്ടത്തിൽ നിയന്ത്രണ വിധേയമായി എന്ന പ്രതീതി ജനിപ്പിച്ച കൊവിഡ് മഹാമാരി പുതിയ വകഭേദങ്ങളിലൂടെ വീണ്ടും ലോകവ്യാപകമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കൂടുതൽ വ്യാപനശേഷിയുള്ള വൈറസ് വകഭേദങ്ങൾ ബ്രസീലിലും ബ്രിട്ടനിലും മറ്റും വ്യാപിക്കുന്നു. ഈ വകഭേദങ്ങളിൽ പലതും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നത് ജാഗ്രതയോടെ വീക്ഷിക്കണം. ശരീരത്തിലെ സ്വാഭാവിക രോഗപ്രതിരോധശേഷിയും വാക്സിൻ മൂലം നിർമ്മിതമായ രോഗപ്രതിരോധശക്തിയെയും മറികടന്ന് മുന്നോട്ടുപോകാൻ കെല്‌പുള്ള എൻ440കെ വകഭേദം കേരളത്തിൽ രോഗബാധിതരായ ആറ് ശതമാനം പേരിലും തെലുങ്കാനയിൽ 51 ശതമാനത്തിലും പേരിലും ആന്ധ്രയിൽ 33 ശതമാനം പേരിലും കണ്ടെത്തിക്കഴിഞ്ഞു. ഇക്കാരണത്താൽ മാസ്‌ക്, സാമൂഹിക അകലം, വ്യക്തിശുചിത്വം എന്നിവ പ്രതിരോധ കുത്തിവയ്‌പ് എടുത്തവർ പോലും തുടരേണ്ടതാണ്. എങ്കിൽ മാത്രമേ രോഗവ്യാപനത്തിന്റെ മറ്റൊരു തരംഗത്തിന് തടയിടാൻ നമുക്ക് സാധിക്കൂ.
കൊവിഡ് പ്രതിരോധത്തോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയമാണ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവരുടെ മറ്റ് ശാരീരിക മാനസികാരോഗ്യ പ്രശ്നങ്ങൾ. സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ വയോധികർ വരെ മഹാമാരി മൂലം മാറിയ ജീവിതക്രമവുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുകയാണ്. ദീർഘകാല ചികിത്സ ആവശ്യമുള്ള ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവരെ മഹാമാരി വലച്ചു കളഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ ഒരു കാലഘട്ടം കൂടിയാണിത്. വ്യാവസായിക മേഖലയെ മഹാമാരി ഗണ്യമായ തോതിൽ ബാധിച്ചു. ഇതേത്തുടർന്നുള്ള തൊഴിൽനഷ്ടവും വരുമാനനഷ്ടവും തെല്ലൊന്നുമല്ല ആളുകളെ പ്രയാസപ്പെടുത്തിയത്. സമാന്തരമായി ഗാർഹിക പീഡനങ്ങളും വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങളും മുൻകാലങ്ങളേക്കാൾ തീവ്രമായി പ്രത്യക്ഷപ്പെടുന്നു.
ഇടറുന്ന മാനസികാരോഗ്യം
മഹാമാരിക്കാലത്ത് ജനങ്ങളുടെ മാനസികാരോഗ്യം വളരെ ദോഷകരമായി ബാധിക്കപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ വർദ്ധിച്ച വിഷാദരോഗവും അമിത ഉത്കണ്ഠയും ആത്മഹത്യകളും തകരുന്ന മാനസികാരോഗ്യത്തിന്റെ സൂചകങ്ങളാണ്. കുട്ടികളിൽ പഠനപ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ, മൊബൈൽ അടിമത്തം എന്നിവയും വർദ്ധിച്ചു. കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും മാനസിക സാമൂഹിക വികസനത്തെ തുരങ്കം വയ്ക്കുന്ന രീതിയിൽ മഹാമാരിയുടെ ദുഃസ്വാധീനമുണ്ടായി.
ദാരിദ്ര്യം കൂടുതലുള്ള പ്രദേശങ്ങളിലാണ് രോഗവ്യാപനം കൂടുകയും ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത നേരിടുകയും ചെയ്യുന്നത്. ഈ അവസ്ഥയെ പ്രതിരോധിക്കുകയാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ തലവാചകം നൽകുന്ന സന്ദേശം.
1948 ഏപ്രിൽ ഏഴിന് രൂപീകരിക്കപ്പെട്ട ലോകാരോഗ്യ സംഘടനയുടെ രൂപീകരണ വാർഷിക ദിനമാണ് എല്ലാവർഷവും ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്.
ആരോഗ്യപരിപാലന മേഖലയിലെ അസമത്വം പരിഹരിക്കാൻ പരസ്പര സഹകരണത്തോടെയുള്ള പ്രവർത്തനമാണ് ലോകാരോഗ്യസംഘടന ഈ ദിനത്തിൽ ആവശ്യപ്പെടുന്നത്. ആരോഗ്യപരിപാലനത്തിലെ അസമത്വത്തിന് കാരണമാകുന്ന ഘടകങ്ങൾ വിലയിരുത്താനും അവ പരിഹരിക്കുന്ന രീതിയിൽ മനുഷ്യത്വവും നീതിയുക്തവുമായ തരത്തിൽ അതിർത്തികൾ കാര്യമാക്കാതെ പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ലോകാരോഗ്യദിനത്തിന്റെ സന്ദേശം.
ജനസാന്ദ്രത കൂടുതലുള്ള പ്രദേശമെന്ന നിലയിൽ നമ്മുടെ നാടിന് കൂടുതൽ അഭികാമ്യമായ മാതൃക രോഗപ്രതിരോധത്തിലൂന്നിയുള്ള ആരോഗ്യപരിപാലന മാതൃകയാണ്. പ്രബുദ്ധ കേരളത്തിൽ തന്നെ പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്ന സ്വഭാവം ജനങ്ങൾ പ്രദർശിപ്പിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇതിനുള്ള ഫലപ്രദമായ പ്രതിവിധി കുട്ടിക്കാലം മുതലേ ആരോഗ്യകരമായ ശീലങ്ങൾ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്നതാണ്. സ്‌കൂൾ തലത്തിൽത്തന്നെ പാഠ്യപദ്ധതിയുടെ ഭാഗമായി ആരോഗ്യകരമായ ശീലങ്ങൾ പരിശീലിപ്പിക്കാം. സ്വന്തം ആരോഗ്യവും സഹജീവികളുടെ ആരോഗ്യവും മെച്ചപ്പെടുത്താൻ ജാഗ്രത പാലിക്കുക, സാമൂഹിക അകലത്തോടൊപ്പം മാനസിക ഇഴയടുപ്പം നിലനിറുത്തുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ചെറുപ്പത്തിൽത്തന്നെ പരിശീലിക്കാം.
അധികം പണച്ചെലവില്ലാതെ തന്നെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പരിശീലിപ്പിക്കുന്ന ഇത്തരം സംഗതികൾ സമൂഹത്തിന്റെ ആരോഗ്യ ശീലങ്ങളെ ശക്തിപ്പെടുത്തും. എക്കാലവും രോഗപ്രതിരോധത്തിൽ ഊന്നിയുള്ള പ്രാഥമിക ചികിത്സാ സംവിധാനങ്ങൾ തന്നെയായിരുന്നു നമ്മുടെ നാടിന്റെ ആരോഗ്യമേഖലയുടെ ഏറ്റവും വലിയ കരുത്ത്. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തി നമുക്ക് ബോദ്ധ്യപ്പെടുത്തി തന്നുകൊണ്ടിരിക്കുകയാണ്.
മഹാമാരികളടക്കം സങ്കീർണത പ്രാപിക്കുന്നതും മരണകാരണമാകുന്നതും ജീവിതശൈലീ രോഗങ്ങളുള്ള വ്യക്തികളിലാണെന്ന യാഥാർത്ഥ്യവും ഇതോടൊപ്പം ചേർത്ത് വായിക്കപ്പെടേണ്ടതാണ്. ജീവിതശൈലീ രോഗങ്ങൾ കഴിയുന്നത്ര ഒഴിവാക്കാൻ സ്വാഭാവികമായ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തിയെടുക്കാൻ ആവശ്യമായ ഭക്ഷണ വ്യായാമ ആരോഗ്യശീലങ്ങൾ ചെറുപ്പത്തിലേ വികസിപ്പിച്ചെടുക്കുകയാണ് ഈ പ്രശ്നങ്ങളെ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ പോംവഴി. ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യ സംരക്ഷണവും ഒരു സാമൂഹിക ഉത്തരവാദിത്വമായി മാറുന്ന സ്ഥിതിവിശേഷം വന്നാൽ നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ആത്മഹത്യകളും ലഹരി അടിമത്വവും മറ്റ് മാനസിക ആരോഗ്യ പ്രശ്നങ്ങളും ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും.
ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും ഭരണകൂടങ്ങളുടെ ഉത്തരവാദിത്വം ആകുന്നതുപോലെ ഓരോ പൗരന്റെയും വ്യക്തിപരമായ ഉത്തരവാദിത്വമായി മാറുന്ന മനോഭാവമാണ് ഇവിടെ നാം പ്രതീക്ഷിക്കേണ്ടത്. ആരോഗ്യമുള്ള സമൂഹത്തിൽ മാത്രമേ വികസനവും വളർച്ചയും ധൃതഗതിയിൽ സംഭവിക്കുകയുള്ളൂ എന്ന സത്യം മനസിലാക്കി അതിന് അരങ്ങൊരുക്കുന്ന രീതിയിൽ വിദ്യാഭ്യാസ സമ്പ്രദായവും സാമൂഹിക ബോധവത്കരണവും മുന്നോട്ടു നീങ്ങിയാൽ ലോകാരോഗ്യ സംഘടന വിവക്ഷിക്കുന്നത് പോലെ ആരോഗ്യ പൂർണവും ന്യായയുക്തമായ ഒരു ലോകം കെട്ടിപ്പടുക്കുക അസാദ്ധ്യമല്ല.
( ലേഖകൻ മാനസികാരോഗ്യ വിദഗ്ധനാണ് . ഇ- മെയിൽ arunb.nair@yahoo.com)