corp

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കോർപ്പറേഷന് ഏറ്റവും വലിയ പണി ആയിരിക്കുന്നത് മാലിന്യ നിർമ്മാർജ്ജനമാണ്. നഗരത്തിൽ 225 പോളിംഗ് സ്റ്റേഷനുകളിലായി ആകെ 1078 പോളിംഗ് ബൂത്തുകളാണുള്ളത്. ഇവിടങ്ങളിലെ മാലിന്യങ്ങൾ നീക്കാൻ 400 ജീവനക്കാരെയാണ് കോർപ്പറേഷൻ നിയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ 27 ഓളം വാഹനങ്ങളും ഉപയോഗിക്കും. ഈ വാഹനങ്ങൾ ഓരോ പോളിംഗ് ബൂത്തുകളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ അടക്കമുള്ളവ ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്.

ബൂത്തുകളിൽ ഹരിത ചട്ടം പാലിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും ഇത് എത്രത്തോളം വിജയകരമാണെന്ന് വരും ദിവസങ്ങളിൽ മാത്രമെ അറിയാനാകൂ. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം തലസ്ഥാന ജില്ലയിൽ 825 ടൺ മാലിന്യം ഉണ്ടാകാമെന്നാണ് ശുചിത്വ മിഷന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ ഭൂരിഭാഗം മാലിന്യവും നഗരത്തിലാണ്. ജില്ലയിലെ ബൂത്തുകളുടെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയുള്ളതാണിത്. പ്രചാരണത്തിനിടെയാണ് കൂടുതൽ മാലിന്യങ്ങൾ രൂപപ്പെട്ടത്. ഫ്ലക്‌സുകൾ,​ ബാനറുകൾ, ഹോർഡി‍ംഗുകൾ എന്നിവയിലൂടെ മാത്രം 40 ശതമാനം മാലിന്യമാണ് ഉണ്ടായത്. പോസ്റ്ററു‍കൾ 30 %, കൊടികളും തോരണങ്ങളും വഴി 20% , പ്ലാസ്റ്റിക് കുപ്പിവെള്ള ബോട്ടിലുകൾ, ഡിസ്‌പോ‍സബിൾ കപ്പുകൾ, പാത്രങ്ങൾ, നിരോധിത പ്ലാസ്റ്റിക് കവറുകൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവയിലൂടെ 10 ശതമാനം മാലിന്യങ്ങളും രൂപപ്പെടും. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് കേന്ദ്രത്തിലും പരിസര പ്രദേശങ്ങളിലും സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങൾക്ക് പുറമേയുള്ള കണക്കാണിത്.

കൂടുതൽ അജൈവ മാലിന്യങ്ങൾ

പ്രധാനമായും രണ്ട് തരത്തിലുള്ള മാലിന്യങ്ങളാണ് തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാകാറുള്ളത്. പ്രചാരണത്തിന്റെ ഭാഗമായി രൂ‍പപ്പെടുന്നതും വോട്ടെടുപ്പിന്റെ തലേ ദിവസം പോളിംഗ് സ്റ്റേഷനുകൾ, വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ എന്നിവയാണവയെന്ന് ഹരിത കേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അജൈവ മാലിന്യമാണ് കൂടുതലും ഉണ്ടാകുക. ഡിസ്‌പോ‍സബിൾ സാധനങ്ങൾ ഉപയോഗിക്കുകയും നിരോധിത ‍ഫ്ലക്‌സുകൾ കൊടി തോരണം എന്നിവ ഉപയോഗിച്ചാലാണ് അജൈവ മാലിന്യം കൂടുതലായി ഉണ്ടാകുന്നത്. പ്ലാസ്റ്റിക് പേപ്പർ, ഭക്ഷ്യ സംബന്ധമായ മാലിന്യം എന്നിവ തരം തിരിച്ചാകും സംസ്കരിക്കുക.

ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. വോട്ടെടുപ്പിനു ശേഷം സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പു പ്രചാരണ പരസ്യങ്ങൾ നീക്കം ചെയ്തു നശിപ്പിക്കുകയോ റീസൈക്കിൾ (പുനഃ‍ചംക്രമണം)​ ചെയ്യുകയോ വേണം. അതിനായി അവ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറാം. ഇവ നീക്കിയില്ലെങ്കിൽ വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പരസ്യം നീക്കംചെയ്യുകയും ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കാനും വ്യവസ്ഥയുണ്ട്.

കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ സൗകര്യമുള്ളതിനാൽ തന്നെ അവർ ധരിക്കുന്ന പി.പി.ഇ കിറ്റുകൾ,​ കൈയുറകൾ,​ പോളിംഗ്,​ റിട്ടേണിംഗ് ഉദ്യോഗസ്ഥർ,​ പൊലീസുകാർ,​ സുരക്ഷാ ഉദ്യോഗസ്ഥർ,​ പോളിംഗ് ഏജന്റുമാർ അടക്കമുള്ളവർ ധരിക്കുന്ന മാസ്കുകൾ എന്നിവയടക്കമുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ വിവിധ ആശുപത്രികളിലെ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതിനായി 16 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവയുടെ ശേഖരണം കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും. മഞ്ഞ കവറുകളിൽ ആയിരിക്കും ഇവ ശേഖരിക്കുക. അപകടകരമാണെന്നുള്ള മുന്നറിയിപ്പ് ചിഹ്നവും ഇതിൽ പതിച്ചിട്ടുണ്ടാകും.

 കേരളത്തിലാകെ 5,400 ടൺ മാലിന്യം

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ 5,400 മാലിന്യം കുന്നുകൂടുമെന്നാണ് കണക്ക്. 40,770 ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. മലപ്പുറത്താണ് കൂടുതൽ മാലിന്യങ്ങൾ ഉണ്ടാകുക. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലും തിരഞ്ഞെടുപ്പിനു ശേഷം മാലിന്യക്കൂമ്പാരമാകും.