vk-sasikala

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും മുൻ എ.ഐ.എ.ഡി.എം.കെ നേതാവുമായ വി.കെ. ശശികലയുടെ പേര് വോട്ടർ പട്ടികയിൽ നിന്നു നീക്കിയതായി പരാതി. തന്നെ അറിയിക്കാതെയാണ് പേര് നീക്കിയതെന്നും ഇത് അനീതിയാണെന്നും അവർ ആരോപിച്ചു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശശികലയുടെ അഭിഭാഷകൻ അറിയിച്ചു.

താനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്ക് വിവരം അറിയിക്കുമായിരുന്നുവെന്നും ഇതെന്തുകൊണ്ട് അറിയിച്ചില്ലെന്നുമാണ് അഭിഭാഷകൻ ചോദിക്കുന്നത്.

വിഷയത്തിൽ ഗൂഢാലോചനയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പേര് ഉണ്ടോയെന്നു പരിശോധിക്കേണ്ടത് അവരുടെ കടമയായിരുന്നുവെന്നും കമ്മിഷൻ ദേശീയമാദ്ധ്യമത്തോട് പ്രതികരിച്ചു.

ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിലെ വോട്ടർ പട്ടികയിലായിരുന്നു ശശികലയുടെ പേരുണ്ടായിരുന്നതെന്നും അഭിഭാഷകൻ എൻ.രാജ സെന്തൂർ പാണ്ഡ്യൻ വ്യക്തമാക്കി.