ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ് സൈക്കിളിൽ വോട്ടുചെയ്യാനെത്തിയതിന്റെ ദൃശ്യങ്ങൾ ട്രെൻഡായി. സൈക്കിൾ വേഗത്തിൽ ചവിട്ടി സിനിമാസ്റ്റൈലിലാണ് ചെന്നൈയിലെ ബൂത്തിൽ താരമെത്തിയത്. റോഡിൽ വിജയിയെ കണ്ട ആരാധകരും പിന്നാലെകൂടി. ഒപ്പം വണ്ടിയോടിച്ചും മൊബൈലിൽ വീഡിയോ ഷൂട്ട് ചെയ്തും ജനക്കൂട്ടം തടിച്ചുകൂടി. വിജയ് സൈക്കിളിന്റെ വേഗത കൂട്ടിയെങ്കിലും ആരാധകർ ബൈക്കിലും മറ്റുമായി പിന്തുടർന്നു. ബൂത്തിലെത്തിയപ്പോൾ പൊലീസ് ലാത്തി ഉപയോഗിച്ചാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. പിന്നാലെ ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന് പരക്കെ വ്യാഖ്യാനങ്ങൾ ഉയർന്നു.
ഡി.എം.കെ നേതാക്കളടക്കമുള്ളവർ ഇക്കാര്യം ട്വീറ്റ് ചെയ്തു. എന്നാൽ വിജയ് വോട്ട് ചെയ്ത നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബൂത്ത്, അദ്ദേഹത്തിന്റെ താമസസ്ഥലത്തിന് തൊട്ടരികെയാണെന്നും ബൂത്തിന് മുന്നിലെ വീതികുറഞ്ഞ റോഡിൽ കാർ ഉപയോഗിക്കുന്നത് ഗതാഗതക്കുരുക്കിനിടയാക്കുമെന്നതിനാലാണ് സൈക്കിൾ ഉപയോഗിച്ചതെന്ന് വിജയിയുടെ പി.ആർ.ഒ റിയാസ് കെ. അഹമ്മദ് ട്വീറ്റ് ചെയ്തു. അതേസമയം നടൻ ചിയാൻ വിക്രം പോളിംഗ് ബൂത്തിലേക്ക് നടന്നാണെത്തിയത്.
പ്രമുഖ താരങ്ങളായ സൂര്യയും കാർത്തിയും പിതാവ് ശിവകുമാറിനൊപ്പമാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.
രജനികാന്ത് രാവിലെ തന്നെ ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിലെ സ്റ്റെല്ല മരിയ കോളേജിലെത്തി വോട്ട് ചെയ്തു.
കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മത്സരിക്കുന്ന മക്കൾ നീതി മയ്യം സ്ഥാനാർത്ഥിയും നടനുമായ കമലഹാസൻ, മക്കളായ ശ്രുതി ഹാസും അക്ഷര ഹാസനുമൊത്ത് രാവിലെ ചെന്നൈ തേനാംപേട്ട് ഹൈസ്‌കൂളിലെത്തി വോട്ട് ചെയ്തു. താരകുടുംബത്തെ കാണാനും സെൽഫിയെടുക്കാനും ജനങ്ങൾ തടിച്ചുകൂടി. പൊലീസ് ലാത്തി വീശിയാണ് ഇവരെ നിയന്ത്രിച്ചത്. എതിർ സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് വൻ തോതിൽ പണം നൽകുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കമലഹാസൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
ഫോൺ പിടിച്ചുവാങ്ങി അജിത്
തിരുവാൺമിയൂർ സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയ അജിത്തിനെയും ഭാര്യ ശാലിനിയേയും ആരാധകർ വളഞ്ഞു. നടന്റെ ചിത്രമെടുക്കാനും സെൽഫിയെടുക്കാനും ആളുകൾ തിക്കിത്തിരക്കി. ക്ഷമനശിച്ച അജിത്ത് ഒരാളുടെ ഫോൺ പിടിച്ചുവാങ്ങി തന്റെ ബോഡിഗാർഡിനെ ഏല്പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നിൽക്കണമെന്ന് അഭ്യർത്ഥിച്ച അജിത് ഒടുവിൽ ഫോൺ ആരാധകന് തിരികെ നല്കി.