പ്യോംഗ്യാംഗ് : കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് വിട്ടുനിൽക്കാൻ ഉത്തരകൊറിയ തീരുമാനിച്ചു. 1988ലെ സിയോൾ ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് ഉത്തരകൊറിയ ഒരു ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡ് കാരണം ഇക്കൊല്ലം ജൂലായ്-ആഗസ്റ്റ് മാസങ്ങളിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
ഉത്തര കൊറിയയുടെ പിന്മാറ്റം ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിലുള്ള സമാധാനശ്രമങ്ങൾക്കും കനത്ത തിരിച്ചടിയായിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിൽ രണ്ട് രാജ്യങ്ങളും ഒരുമിച്ച് ഒറ്റ കൊറിയയായി ടീമിനെ അയയ്ക്കാനായി നേരത്തേ തീരുമാനിച്ചിരുന്നു. അതിൽ നിന്നാണ് ചർച്ചകൾ കൂടാതെയുള്ള ഉത്തര കൊറിയൻ പിന്മാറ്റം. 2032ലെ ഒളിമ്പിക്സിന് സംയുക്ത വേദിക്കായി ബിഡ് നൽകാനുള്ള തീരുമാനവും ഇതോടെ തുലാസിലായി.
2018ൽ ദക്ഷിണകൊറിയയിൽ ശീതകാല ഒളിമ്പിക്സ് നടന്നപ്പോൾ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ തന്റെ സഹോദരിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തെ അയയ്ക്കുകയും ഇരു രാജ്യങ്ങളുടെയും താരങ്ങളെ ഉദ്ഘാടനച്ചടങ്ങിൽ ഒരേ കൊടിക്ക് കീഴിൽ അണിനിരക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. അവിടെ ഐസ് ഹോക്കിയിൽ സംയുക്ത ടീമാണ് മത്സരിച്ചത്. ഈ കായിക നയതന്ത്രത്തിന്റെ തുടർച്ചയാണ് ടോക്കിയോ ഒളിമ്പിക്സിൽ വിഭാവനം ചെയ്തിരുന്നത്.
കൊറിയയുടെ പിന്മാറ്റത്തിൽ
കോളടിക്കുക മീരാഭായ്
ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് ഉത്തര കൊറിയ പിന്മാറിയതിൽ ഇന്ത്യൻ വെയ്റ്റ് ലിഫ്ടിംഗ് താരം മീരാഭായ് ചാനു സായ്ക്കോമിന് സന്തോഷമേയുള്ളൂ.കാരണം ഈ പിന്മാറ്റം മീരാഭായ്ക്ക് മുന്നിൽ മെഡൽ സാദ്ധ്യതയാണ് തുറന്നുവച്ചിരിക്കുന്നത്.
മീരാഭായ് മത്സരിക്കുന്ന 49 കി.ഗ്രാം വിഭാഗത്തിൽ നിലവിൽ നാലാം റാങ്കുകാരിയാണ് ഇന്ത്യൻ താരം. മൂന്നാം സ്ഥാനത്തുള്ളത് ഉത്തരകൊറിയക്കാരി റി സോംഗ് ഗം. 2019ലെ ലോക ചാമ്പ്യൻഷിപ്പിൽ മീരാഭായ്‌യെ പിന്തള്ളി വെങ്കലം നേടിയിരുന്നത് റി സോംഗാണ്. ഇക്കുറി ഉത്തര കൊറിയ പിന്മാറുകയാണെങ്കിൽ മീരാഭായ്‌ക്ക് റി സോംഗിന്റെ വെല്ലുവിളി ഉണ്ടാവില്ല.