kadakampally

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ കാട്ടായിക്കോണത്ത് നടന്ന സംഘ‌ർഷത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി മന്ത്രി കടകംപള‌ളി സുരേന്ദ്രൻ. ' കാട്ടായിക്കോണം നേരത്തെതന്നെ ബിജെപിയുടെ ടാർജ‌റ്റ് ഏരിയയാണ്. മുൻപ് കുളത്തൂരിൽ സംഘർഷമുണ്ടായപ്പോൾ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കാട്ടായിക്കോണം എന്ന് പറഞ്ഞാണ് ആരോപണം ഉന്നയിച്ചത്.' കടകംപള‌ളി അഭിപ്രായപ്പെട്ടു.

രണ്ട് കാറുകളിലെത്തിയ ആർ.എസ്.എസുകാർ സ്ഥലത്തെ ജനങ്ങളെ മർദ്ദിച്ചു പ്രശ്‌നമറിഞ്ഞെത്തിയ പൊലീസ് പ്രശ്‌നമുണ്ടാക്കിയവർക്ക് പകരം സിപിഎം പ്രവർത്തകരെ പിടിച്ചുകൊണ്ടുപോയതായും മന്ത്രി ആരോപിച്ചു. സംഘർഷം ഉണ്ടാകുന്നതിന് മുൻപ് ഇവിടെ ഇലക്ഷൻ പൊലീസ് നിരീക്ഷകൻ വന്നിരുന്നു. അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ പോത്തൻകോട് സബ് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിട്ടെന്ന് മന്ത്രി പറഞ്ഞു.

പ്രശ്‌നത്തിൽ തന്റെ പി.എയായ സാജു, കാട്ടായിക്കോണം വാർഡ് കൗൺസിലർ ഡി.രമേശ്, പോത്തൻകോട് പഞ്ചായത്ത് കാട്ടായിക്കോണം വാർഡ് കൗൺസിലർ എന്നിവർക്ക് മർദ്ദനമേ‌റ്റു. പൊലീസ് പലരുടെയും വീട്ടിൽ കയറി പരിശോധന നടത്തി.കൗൺസിലറുടെ വീടും ആക്രമിച്ചുവെന്നും കടകംപള‌ളി സുരേന്ദ്രൻ പറഞ്ഞു.

വളരെ വലിയ അന്യായമാണ് പൊലീസ് കാട്ടിയതെന്നും രാജാവിനെ കാൾ വലിയ രാജഭക്തിയായിരുന്നു പൊലീസിനെന്നും കടകംപള‌ളി വിമർ‌ശിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു.

കടകംപള‌ളിയിൽ ഇടത്പക്ഷം ലീഡ് ചെയ്യുന്ന വാർഡാണ്. ഇവിടെ വോട്ടിംഗ് സ്‌തംഭിപ്പിക്കാനാണ് ആർ.എസ്.എസ് ശ്രമിച്ചതെന്നും ഇങ്ങനെ പൊലീസ് ബിജെപി ഏജന്റായി പ്രവർത്തിച്ചെന്നും മന്ത്രി പറഞ്ഞു.