sebi

മുംബയ്: കമ്പനിയുടെ തലത്ത് 'ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടർ (സി.എം.ഡി)" പദവി ഒന്നിച്ചു വഹിക്കുന്നവർക്ക്, ആ പണി ഇനി അധികനാൾ ചെയ്യാനാവില്ല. നിശ്‌ചയിച്ച സമയപരിധിക്കകം ഇവയിൽ ഏതെങ്കിലുമൊരു പദവി ഒഴിയണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) വ്യക്തമാക്കി.

ഒട്ടേറെ കമ്പനികളുടെ തലപ്പത്ത് വൻ അഴിച്ചുപണിക്ക് വഴിയൊരുക്കി, 2018 ജൂലായിലാണ് സെബി നിർണായ തീരുമാനം പ്രഖ്യാപിച്ചത്. ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌ത 500 മുൻനിര കമ്പനികൾക്കാണ് നിർദേശം ബാധകം. ചെയർമാൻ പദവി നോൺ-എക്‌സിക്യൂട്ടീവ് ഡയറക്‌ടർക്ക് നൽകണമെന്നും സി.എം.ഡി പദവി ആരും ഒറ്റയ്ക്ക് വഹിക്കരുതെന്നുമാണ് സെബി നിർ‌ദേശിച്ചത്. തീരുമാനം നടപ്പാക്കേണ്ട അന്തിമതീയതി 2020 ഏപ്രിൽ ഒന്ന് ആയിരുന്നു.

എന്നാൽ, കൊവിഡ് ഉൾപ്പെടെയുള്ള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ കമ്പനികളും ഫിക്കി ഉൾപ്പെടെയുള്ള സംഘടനകളും സമയം നീട്ടിചോദിച്ചു. ഇതുപ്രകാരം 2022 ഏപ്രിൽ ഒന്നുവരെ സെബി സമയം അനുവദിച്ചിട്ടുണ്ട്.

500 മുൻനിര കമ്പനികളിൽ 53 ശതമാനം മാത്രമാണ് ഇതുവരെ നി‌ർദേശം പാലിച്ചതെന്നും ഇനി സമയം നീട്ടില്ലെന്നും സെബി ചെയർമാൻ അജയ് ത്യാഗി പറഞ്ഞു. മാനേജ്മെന്റിനെ ദുർബലപ്പെടുത്താനല്ല, കമ്പനികളിലെ ഭരണം (കോർപ്പറേറ്റ് ഗവേർണൻസ്) മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ബ്രിട്ടൻ, നെതർലൻഡ്‌സ്, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ സമാന നിർദേശം വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലിസ്‌റ്റഡ് കമ്പനികളുടെ ഡയറക്‌ടർ ബോർഡിൽ കുറഞ്ഞത് ആറംഗങ്ങൾ വേണം, വനിതാ സ്വതന്ത്ര ഡയറക്‌ടർ വേണം എന്നീ നിർണായക നിർദേശങ്ങളും സെബി പുറപ്പെടുവിച്ചിരുന്നു. കോർപ്പറേറ്റ് കമ്പനികളുടെ ഭരണം സുതാര്യമാക്കാനായി നിയമിക്കപ്പെട്ട കോട്ടക് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് സെബി പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചത്.

അരങ്ങൊരുക്കം

അഴിച്ചുപണിക്ക്

റിലയൻസ് ഇൻഡസ്‌ട്രീസ് അടക്കം പ്രമുഖ കമ്പനികളുടെയെല്ലാം തലപ്പത്ത് വൻ അഴിച്ചുപണിക്ക് വഴിവയ്ക്കുന്നതാണ് സെബിയുടെ നിർദേശം. മുകേഷ് അംബാനി റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമാണ്. ഇതിലൊരു പദവി അദ്ദേഹം ഒഴിയേണ്ടി വരും. ഹീറോ മോട്ടോകോർപ്പ്, ഒ.എൻ.ജി.സി., ബി.പി.സി.എൽ., വിപ്രോ, കോൾ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ തലപ്പത്തും മാറ്റംവരും.