death

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗിനിടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി നാലു പേർ കുഴഞ്ഞുവീണ് മരിച്ചു. ആറന്മുള, തെങ്ങുംതറ വീട്ടിൽ ഗോപിനാഥക്കുറുപ്പ് (66), കോട്ടയം, ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) , മറയൂർ പത്തടിപ്പാലം കീച്ചേരിയിൽ ഗോപിനാഥൻ (79), നെന്മാറ വിത്തിനശ്ശേരി മച്ചത്തു വിട്ടീൽ അപ്പുക്കുട്ടന്റെ ഭാര്യ കാർത്ത്യായനിഅമ്മ (69) എന്നിവരാണ് മരിച്ചത്.

ആറന്മുള നിയോജകമണ്ഡലത്തിലെ വള്ളംകുളം ഗവ. യു.പി സ്‌കൂളിലെ എട്ടാം നമ്പർ ബൂത്തിൽ വോട്ടിട്ട ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഗോപിനാഥക്കുറുപ്പ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കോട്ടയം ചവിട്ടുവരി സെന്റ് മർസിൽനാസ് ഗേൾസ് ഹൈസ്‌കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അന്നമ്മ ദേവസ്യയ്‌ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. നടന്നുവന്ന ഇവർ ബൂത്തിനു മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് മറയൂർ ഗവ. എൽ.പി സ്‌കൂളിൽ വോട്ടിട്ട ശേഷം ഭാര്യ തങ്കമ്മയെ കാത്തിരിക്കുമ്പോഴാണ് ഗോപിനാഥൻ സ്‌കൂൾ വരാന്തയിൽ കുഴഞ്ഞുവീണത്. ഉടൻ സമീപത്തെ സി.എച്ച്.സിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ 11ന് നെന്മാറ, വിത്തിനശ്ശേരി എ.എൽ.പി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷമാണ് കാർത്ത്യായനിഅമ്മ ബൂത്തിൽ കുഴഞ്ഞുവീണത്. ഉടൻ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.