മനില: ഫിലിപ്പീൻസിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ഒരാഴ്ച മുമ്പ് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ഡൗൺ വീണ്ടും നീട്ടി. ദിനംപ്രതി പതിനായിരത്തിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് പ്രസിഡന്റ് റോഡ്രിഗോ ദുതെർത് നിയന്ത്രണം പ്രഖ്യാപിച്ചത്. രാജ്യത്ത് ഈസ്റ്റർ ആഘോഷങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. തലസ്ഥാന നഗരിയായ മനിലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ ആശുപത്രി, ഇനി കൊവിഡ് കേസുകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. മറ്റ് ആശുപത്രികളിൽ കിടക്കകൾ ഉടൻ വർധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മഹാമാരിയെ കൈകാര്യംചെയ്യുന്നതിൽ സർക്കാറിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നുണ്ട്. 7,95,000 പേർക്ക് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുണ്ട്. 13,425 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്.